റിയാദ് – യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു പിന്നാലെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഹബ്ബാകാൻ ഒരുങ്ങുകയാണ് മിഡിൽ ഈസ്റ്റ്. ട്രംപിന്റെ സന്ദർശനത്തിൽ ഒപ്പുവെച്ച കരാറുകളുടെ ഭാഗമായി നെവിഡിയ, എ.എം.ഡി, ഗൂഗിൾ, ഒറാക്കിൾ, ആമസോൺ തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാർ സൗദി, യു.എ.ഇ, ഖത്തർ രാജ്യങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തും. മെയ് 13 മുതൽ 16 വരെയുള്ള ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ, എ.ഐ, ടെക്‌നോളജി, വ്യോമയാനം എന്നീ മേഖലകളിലായി 2.2 ട്രില്യൺ ഡോളറിന്റെ കരാറുകളാണ് ഒപ്പുവച്ചത്.
എ.ഐ വിപ്ലവത്തിനൊരുങ്ങി സൗദി
‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി എ.ഐ മേഖലയിൽ ആഗോള നേതൃസ്ഥാനം ലക്ഷ്യമിടുന്ന സൗദി ട്രംപുമായി 600 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു, ഇതിൽ 142 ബില്യൺ ഡോളർ പ്രതിരോധ ഉപകരണങ്ങൾക്കും ഐ.ടി സംവിധാനങ്ങൾക്കുമാണ്. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പി.ഐ.എഫ്) പിന്തുണയോടെ, ‘ഹ്യൂമെയ്ൻ എ.ഐ’ എന്ന സ്റ്റാർട്ടപ്പും ഇതിനൊപ്പം പ്രഖ്യാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇതിന് നേതൃത്വം നൽകുന്നത്.
നെവിഡിയ, 18,000 ബ്ലാക്വെൽ (ജി.ബി.300) ചിപ്പുകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് എ.ഐ ചിപ്പുകൾ ഹ്യൂമെയ്‌ന് വിതരണം ചെയ്യും. എ.എം.ഡി 10 ബില്യൺ ഡോളറിന്റെ കരാർ പ്രകാരം സൗദിയിലും അമേരിക്കയിലും ഡാറ്റാ സെന്ററുകൾക്ക് ഹാർഡ്വെയറും സോഫ്റ്റ്വെയറും നൽകും. ആമസോൺ വെബ് സർവീസസ് (എ.ഡബ്ല്യു.എസ്), 5 ബില്യൺ ഡോളറിന്റെ ‘എ.ഐ സോൺ’ പദ്ധതിയുമായാണ് ഹ്യൂമെയ്‌നുമായി സഹകരിക്കുന്നത്. സർക്കാർ സേവനങ്ങൾക്കും എ.ഐ മാർക്കറ്റ്പ്ലേസിനും ക്ലൗഡ് ടെക്‌നോളജി ഉപയോഗിക്കും. സൗദിയുടെ ഡാറ്റാവോൾട്ട്, അമേരിക്കയിൽ 20 ബില്യൺ ഡോളർ എ.ഐ ഡാറ്റാ സെന്ററുകളിലും ഊർജ ഇൻഫ്രാസ്ട്രക്ചറുകളിലും നിക്ഷേപം നടത്തും. കൂടാതെ നിയോമിൽ ലോകത്തിലെ ഏറ്റവും വലിയ കാർബൺ-ന്യൂട്രൽ എ.ഐ ഡാറ്റാ സെന്ററും നിർമിക്കുന്നുണ്ട്.
1.4 ട്രില്യൺ ഡോളറിന്റെ വൻ പദ്ധതിയുമായി യു.എ.ഇ
2031-ഓടെ എ.ഐയിൽ ആഗോള നേതൃത്വം നേടാൻ ലക്ഷ്യമിട്ട്, യു.എ.ഇ 2025 മാർച്ചിൽ 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ സന്ദർശനത്തിനിടെ, ‘യു.എസ്-യു.എ.ഇ എ.ഐ ആക്‌സിലറേഷൻ പാർട്ണർഷിപ്പ്’ എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി, അബുദാബിയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ എ.ഐ ഡാറ്റാ സെന്റർ ക്യാമ്പസ് നിർമിക്കും.
നെവിഡിയയുടെ ഏറ്റവും നൂതനമായ എച്100 എ.ഐ ചിപ്പുകൾ പ്രതിവർഷം അഞ്ച് ലക്ഷം വീതം യു.എ.ഇ-ലേക്ക് ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പുവെച്ചു ഇ.ൗ ചിപ്പുകളിൽ 20% യു.എ.ഇ-യിലെ എ.ഐ കമ്പനിയായ ജി42-ന് ലഭിക്കും. യു.എ.ഇ-യുടെ എം.ജി.എക്‌സ് ഫണ്ട്, അമേരിക്കയിൽ എ.ഐ ഡാറ്റാ സെന്ററുകൾക്കും ഊർജ ഇൻഫ്രാസ്ട്രക്ചറിനുമായി 100 ബില്യൺ ഡോളർ നിക്ഷേപിക്കും.
ശ്രദ്ധേയ ചുവടുകളുമായി ഖത്തർ
ട്രംപിന്റെ സന്ദർശനത്തിനിടെ 1.2 ട്രില്യൺ ഡോളറിന്റെ ‘സാമ്പത്തിക വിനിമയ’ കരാർ ഒപ്പുവെച്ച ഖത്തർ എ.ഐ മേഖലയിലും ശ്രദ്ധേയമായ നീക്കങ്ങളാണ് നടത്തുന്നത്.
ഖത്തർ, ‘നാഷണൽ വിഷൻ 2030’ പ്രകാരം, എ.ഐ, ഡിജിറ്റൽ ടെക്‌നോളജി മേഖലകളിൽ വൻതോതിലുള്ള നിക്ഷേപം നടത്തുന്നുണ്ട്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ), യു.എസ് ടെക് കമ്പനികളുമായി സഹകരിച്ച്, ദോഹയിൽ എ.ഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ 10 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.