തെൽ അവിവ്: ഗാസയിലെ ജനങ്ങൾക്ക് തിരികെ പോകാൻ കഴിയാത്ത വിധം അവരുടെ വീടുകൾ തകർക്കുകയാണെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പാർലമെന്റ് അംഗങ്ങളോട് വ്യക്തമാക്കിയതായി വെളിപ്പെടുത്തൽ. ഇസ്രായിൽ പാർലമെന്റ് ആയ നെസറ്റിന്റെ വിദേശകാര്യ – പ്രതിരോധ കമ്മിറ്റിയുടെ രഹസ്യ യോഗത്തിലാണ് ഗാസൻ ജനതയെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതെന്ന് ചോർന്ന വിവരങ്ങൾ ആധാരമാക്കി ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ ഇസ്രായിൽ നടത്തുന്നത് വംശഹത്യയാണെന്ന് വ്യക്തമാക്കുന്നതാണ് ഇക്കാര്യം.
‘ഗാസക്കാർക്ക് മുന്നിലുള്ള ഒരേയൊരു ലക്ഷ്യം മുനമ്പിനു പുറത്തേക്ക് പലായനം ചെയ്യുക എന്നതാണ്. പക്ഷേ, അവരെ സ്വീകരിക്കാൻ തയാറാവുന്ന രാജ്യങ്ങളെ കണ്ടെത്തുക എന്നതാണ് പ്രധാന പ്രശ്‌നം.’ – യോഗത്തിൽ നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുന്ന കാര്യം ഡൊണാൾഡ് ട്രംപുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ അത് നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്ന് ട്രംപ് വ്യക്തമാക്കിയെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീനികളെ പുറത്താക്കിയ ശേഷം ഗാസയിൽ പാർപ്പിടങ്ങൾ നിർമിക്കുന്ന കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും ഇത് ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കുമെന്നും യോഗത്തിൽ നെതന്യാഹു പറഞ്ഞു. അമേരിക്കയിലെ ജൂതന്മാരെ കൊണ്ടുവന്ന് ഗാസയിൽ പാർപ്പിക്കണമെന്ന അഭിപ്രായം യോഗത്തിൽ പങ്കെടുത്ത ഒരു പാർലമെന്റ് അംഗം പങ്കുവെച്ചു.