വത്തിക്കാന്‍ സിറ്റി: ഇനിയൊരിക്കലും യുദ്ധം വേണ്ട എന്നും ഗസയിലും യുക്രൈനിലും നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ (Pope Leo XIV) തന്റെ പ്രഥമ അനുഗ്രഹ പ്രഭാഷണത്തില്‍ ലോക നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പദവി ഏറ്റെടുത്ത ശേഷമുള്ള മാര്‍പ്പാപ്പയുടെ ആദ്യ പൊതുപ്രഭാഷണമായിരുന്നു ഇത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സമാധാന ആഹ്വാനത്തിന്റെ തുടര്‍ച്ചയായിരുന്നു ലിയോ മാര്‍പ്പാപ്പയുടെ വാക്കുകള്‍. ആറ് കോടി മരണങ്ങള്‍ കണ്ട രണ്ടാം ലോക മഹായുദ്ധത്തിന്റെ വന്‍കെടുതികളെ അനുസ്മിരച്ചു കൊണ്ടായിരുന്നു മാര്‍പ്പാപ്പയുടെ യുദ്ധ വിരുദ്ധ പ്രസംഗം.
യുക്രൈനിലെ പ്രിയപ്പെട്ടവരുടെ വേദന ഞാന്‍ എന്റെ ഹൃദയത്തില്‍ പേറുന്നുണ്ട്. നീതിയുക്തമായ സമാധാനത്തിലേക്ക് എത്രയും വേഗം എത്തിച്ചേരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. തടവുകാര്‍ മോചിപ്പിക്കപ്പെടുകയും കുട്ടികള്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുകയും ചെയ്യട്ടെ.
ഗസയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ എനിക്ക് അതിയായ വേദനയുണ്ട്. പോരാട്ടം ഉടനടി അവസാനിപ്പിക്കണം. ഗസയിലെ ദുരിതത്തിലായ സാധാരണക്കാര്‍ക്ക് സഹായങ്ങളെത്തിക്കണം. എല്ലാ ബന്ധികളും മോചിപ്പിക്കപ്പെടണം, ലിയോ മാര്‍പ്പാപ്പ ലോക നേതാക്കളോടായി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തിയത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും മാര്‍പ്പാപ്പ പറഞ്ഞു. തുടര്‍ ചര്‍ച്ചകളിലൂടെ ശാശ്വത കരാറിലെത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.