ഗാസ: തെക്കൻ ഗാസയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായിൽ പ്രതിരോധ സേന അറിയിച്ചു. സെർജന്റ് യിഷായ് എല്യാകിം ഉർബാച് (20), സ്റ്റാഫ് സെർജന്റ് യാം ഫ്രിഡ് (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരിൽ രണ്ട് ഓഫീസർമാരുമുണ്ട്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സൈനികർ കൊല്ലപ്പെട്ടത്. ഇസ്രായിൽ സൈന്യത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം ആദ്യ സംഭവം റഫയിലെ ജനീന പ്രദേശത്താണുണ്ടായത്. ഹമാസ് പോരാളികൾ ആർപിജി (റോക്കറ്റ്-പ്രൊപ്പെല്ഡ് ഗ്രനേഡ്) ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഒരു കെട്ടിടം ഇസ്രായിൽ സൈനികർക്കു മേൽ തകർന്നു വീഴുകയായിരുന്നു. ആക്രമണത്തിൽ ഉർബാച് കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
രണ്ട് മണിക്കൂറിന് ശേഷം അതേ പ്രദേശത്ത് നടന്ന മറ്റൊരു സംഭവത്തിൽ, ഇസ്രായിൽ സൈനികർ സഞ്ചരിച്ച ഒരു സായുധ വാഹനം ഹമാസ് പോരാളികൾ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ യാം ഫ്രിഡ് കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
2023 ഒക്ടോബർ ഏഴിലെ “അൽ അഖ്സ കൊടുങ്കാറ്റ്” ആക്രമണത്തിനു ശേഷം ഗാസയിൽ ഇസ്രായിൽ നടത്തി ഓപറേഷനുകളിൽ ഇതുവരെ 416 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഹമാസ് നടത്തുന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കുട്ടികളും സ്ത്രീകളുമടക്കം 50,000-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
2023 ഒക്ടോബറിൽ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇസ്രായിൽ സൈനിക നടപടികൾ തുടരുകയാണ്. ഇത് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹമാസിനെതിരായ സൈനിക നീക്കത്തിനു പുറമെ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണങ്ങൾ എത്തുന്നതിനെയും ഇസ്രായിൽ തടയുന്നുണ്ട്. ഇത് ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാൻ കാരണമാകുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.