ന്യൂദൽഹി- കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സണ്ണി ജോസഫിനെ നിയമിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരന് പകരമാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. അടൂർ പ്രകാശിനെ യു.ഡി.എഫ് കൺവീനറായും നിയമിച്ചു. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി അനിൽകുമാർ എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. കെ. സുധാകരനെ എ.ഐ.സി.സിയുടെ വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാക്കി. സുധാകരൻ നൽകിയ സേവനങ്ങളെ വിലമതിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു.
2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് സണ്ണി ജോസഫ്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് ജനിച്ചു. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദം നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.
1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ, ജില്ലാ പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക്,പ്രസിഡന്റ്, തലശ്ശേരി കാർഷിക വികസന സഹകരണ സൊസൈറ്റി, പ്രസിഡന്റ്, മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.