ഇസ്ലാമാബാദ് ജമ്മു കശ്മീരിൽ 27 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കകൾക്കിടെ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് തന്റെ രാജ്യത്തെ ഏറ്റവും വലിയ ഇന്റലിജൻസ് ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ആസ്ഥാനം സന്ദർശിച്ചു. ഐഎസ്‌ഐ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ നദീം അഹമ്മദ് അഞ്ജും, ഷഹബാസിന് രാജ്യത്തിന്റെ സുരക്ഷാ തന്ത്രങ്ങളെക്കുറിച്ചും ഇന്ത്യയിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായ ബ്രീഫിംഗ് നൽകിയതായി ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.
ഷഹബാസ് ശരീഫിനൊപ്പം പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്വി, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, വിവര പ്രക്ഷേപണ മന്ത്രി അത്താ ഹുസൈൻ തരാർ, നിയമ മന്ത്രി അസം നസീർ തരാർ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
ഐഎസ്‌ഐയുടെ പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണ ശേഷി, പാകിസ്താന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി വിലയിരുത്തിയതായും, ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ സംഘർഷ സാധ്യതകളും ഭീകരവാദ ഭീഷണികളും ചർച്ചയിൽ പ്രധാന വിഷയങ്ങളായെന്നും ഡോൺ റിപ്പോർട്ടിൽ പറയുന്നു. പാകിസ്താന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.