തെൽ അവിവ് – ഹൂത്തികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് തൽക്കാലത്തേക്ക് നിർത്തിവച്ച തെൽ അവിവ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാതെ അന്താരാഷ്ട്ര വിമാനകമ്പനികൾ. ബെൻ ഗുറിയോൺ എയർപോർട്ടിൽ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെ തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് അവിടേക്കുള്ള സർവീസ് നിർത്തുന്നു എന്നാണ് എയർ ഇന്ത്യയും ലുഫ്താൻസയും അടക്കമുള്ള വിമാനക്കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, ആ സമയപരിധി കഴിഞ്ഞിട്ടും വിദേശ വിമാനങ്ങൾ ഇസ്രായിലിലെ ഏറ്റവും വലിയ വിമാനത്താവളത്തിലേക്കുള്ള സർവീസ് പുനരാരംഭിച്ചില്ല.
നേരത്തെ മെയ് 8 വരെ നിർത്തിവച്ച സർവീസ് 11 വരെ പുനരാരംഭിക്കില്ലെന്ന് ചിക്കാഗോ ആസ്ഥാനമായുള്ള യുനൈറ്റഡ് എയർലൈൻസ് വ്യക്തമാക്കി. സ്വിസ്, ഓസ്ട്രിയൻ, ബ്രസൽസ് എയർലൈൻസുകൾ ഉൾപ്പെടുന്ന ലുഫ്താൻസ ഗ്രൂപ്പും 48 മണിക്കൂർ എന്ന പരിധി മെയ് 11 വരെ നീട്ടി. മെയ് 13 സർവീസ് നടത്തില്ലെന്ന് എയർഫ്രാൻസും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഹംഗേറിയൻ കമ്പനി വിസ് എയർ മെയ് 8 വരെ യാത്രാ നിരോധനം നീട്ടി.
ഞായറാഴ്ച രാവിലെയാണ് ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ഇസ്രായിലിന്റെ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ബെൻ ഗുറിയോൺ വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിനു സമീപം പതിച്ചത്. സംഭവത്തിൽ ഏഴു പേർക്ക് പരിക്കേൽക്കുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് വിദേശ വിമാനങ്ങൾ തെൽ അവിവിലേക്കുള്ള സർവീസ് നിർത്തിവെക്കുകയായിരുന്നു. ബെൻ ഗുറിയോൺ വിമാനത്താവളം സുരക്ഷിതമല്ലെന്ന് യമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആക്രമണത്തിനു പകരമായി ഇസ്രായിൽ യമനിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സൻആ വിമാനത്താവളം പൂർണമായും പ്രവർത്തനരഹിതമാക്കിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.