ജിദ്ദ- ആയിരങ്ങളെ പങ്കെടുപ്പിച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. ജിദ്ദ ഫൈസലിയ ലുലു ടര്‍ഫ് ഗ്രൗണ്ടിൽ നടന്ന ഇഫ്താറിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ റാഷിദ് ഗസാലി റമദാൻ സന്ദേശം നൽകി.
ഇന്ത്യ ഫാഷിസ്റ്റ് ഭീഷണിയുടെ നിഴലിൽ നിൽക്കുന്ന സമയത്ത് എല്ലാവരും ഇതിനെതിരെ ജാഗരൂകരാകണമെന്ന് റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു. എല്ലാവർക്കും ഒരേ വിഭവം നൽകി തുല്യത കൈവരിക്കാനാകില്ലെന്നും നൽകിയ വിഭവങ്ങൾ തിരിച്ചുവാങ്ങിയാണ് തുല്യത നടപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. വിശപ്പ് ലോകത്തിലെ എല്ലാ മനുഷ്യരും അറിയുന്നത് വ്രത്തിലൂടെയാണ്. അതാണ് റമദാനിന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സിയുടെ വനിതാ പ്രവർത്തകരും ഇഫ്താറിനെത്തിയിരുന്നു.