ശ്രീനഗർ: തുടർച്ചയായ പത്താം രാത്രിയിലും നിയന്ത്രണ രേഖയിൽ പ്രകോപനം സൃഷ്ടിച്ച് പാകിസ്താന് മറുപടി നൽകി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കുപ്‌വാര, ബരാമുള്ള, പൂഞ്ച്, രജൗരി, മേന്ധർ, സുന്ദർബനി, അഖ്‌നൂർ എന്നീ സ്ഥലങ്ങളുടെ എതിർവശത്താണ് പാക് സൈന്യം പ്രകോപനമില്ലാതെ വെടിവെച്ചത്. പാക് സൈന്യത്തിന്റെ പ്രകോപനത്തിന് ഉചിതമായ തീരിയിൽ മറുപടി നൽകിയതായി ഇന്ത്യൻ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണണത്തിനു മറുപടിയായി ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതിനു പിന്നാലെയാണ് നിയന്ത്രണരേഖയ്ക്കു സമീപം പാക് സൈന്യം പ്രകോപനം ആരംഭിച്ചത്. ഇരുസൈന്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ഏകപക്ഷീയമായി ലംഘിക്കുന്ന പാകിസ്താൻ ചെറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് പ്രകോപനമുണ്ടാക്കുന്നത്. ഇന്ത്യ, പാക് സൈന്യങ്ങളുടെ സൈനിക കാര്യ ഡയറക്ടർ ജനറൽമാർ തമ്മിൽ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഇന്ത്യ ഉന്നയിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചതോടെ പാക് സൈന്യം അതീവ ജാഗ്രത പാലിക്കുകയാണെന്നാണ് വിവരം. പഹൽഗാം ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന ഇന്ത്യൻ ആരോപണം പാകിസ്താൻ തള്ളിയിരുന്നു.