കോഴിക്കോട്- റാസയും താനും വേർപിരിയാനുള്ള തീരുമാനം എടുത്തത് രണ്ടു വർഷം മുമ്പാണെന്നും ഇപ്പോഴാണ് അക്കാര്യം പൊതുസമൂഹം അറിഞ്ഞതെന്നും ഇംതിയാസ് ബീഗം. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇംതിയാസ് ബീഗം ഇക്കാര്യം പറഞ്ഞത്. വേർപിരിഞ്ഞ കാര്യം ഏതാനും ദിവസം മുമ്പ് റാസയും വെളിപ്പെടുത്തിയിരുന്നു. റാസയുമായി ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്നും ഇംതിയാസ് ബീഗം പറഞ്ഞു. മകളുടെ കാര്യത്തിൽ രണ്ടു പേരും ഒന്നിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. സൗഹൃദത്തോടെയാണ് വേർപിരിഞ്ഞത്. ശത്രുതയോടെയല്ല തങ്ങൾ മുന്നോട്ടു പോകുന്നത്.
ഇംതിയാസിന്റെ വാക്കുകൾ.
ഞാൻ മതംവിട്ടുവെന്നാണ് പലരും പറയുന്നത്. ജനങ്ങൾ പലവിധമാണ്. അവർക്ക് എന്താണ് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത്, അത് എന്നിൽ അടിച്ചേൽപ്പിക്കുകയാണ്. ഞാൻ മതം വിട്ടുവെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ആളുകൾ പലതും പറയുകയാണ്. ഞാൻ ഒരിക്കലും നിരീശ്വരവാദിയോ പടച്ചവനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഇപ്പോഴും എനിക്ക് ഏറ്റവും കൂടുതൽ സങ്കടം വരുമ്പോൾ അല്ലാഹുവിന്റെ മുന്നിൽ സുജൂദ് ചെയ്യുമ്പോഴാണ് ആശ്വാസം കിട്ടുന്നത്. കൂട്ടുകാരും മകളും പടച്ചവനുമാണ് എനിക്ക് ആശ്വാസം. ഞാൻ മദ്റസയിൽ പഠിച്ചയാളാണ്. ഏറ്റവും സന്തോഷത്തിലും സങ്കടത്തിലും പടച്ചവന്റെ മുന്നിൽ നിൽക്കാറുള്ളത്. എനിക്ക് കംഫർട്ട് ആയ വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. ഒരിക്കലും മോശം വസ്ത്രം ധരിച്ചിട്ടില്ല. മതവും പടച്ചവനും എന്റെയുള്ളിലുണ്ട്. അത് മറ്റാരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.
സൗദിയിൽ ഒരു പ്രോഗ്രാമിന് വന്ന സമയത്താണ് ഉംറ നിർവഹിക്കുന്നത്. അന്ന് ഞാൻ പ്രാർത്ഥിച്ചത് എനിക്ക് നല്ലത് തരണേ എന്നാണ്. റാസ പ്രാർത്ഥിച്ചത് പാട്ടിലൂടെ ജീവിക്കാൻ കഴിയണേ എന്നാണ്. എനിക്ക് തന്നതെല്ലാം പടച്ചവനാണ് എന്ന് എനിക്കറിയാം. മകളുടെ കാര്യത്തിൽ ഞങ്ങളൊന്നിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. മകൾ അവളുടെതായി കരിയർ ഡവലപ്പ് ചെയ്യുന്നുണ്ട്. സംശയനിവൃത്തി എന്നോടും റാസയോടും ചോദിക്കാറുണ്ട്. മകളെ കൂട്ടിക്കൊണ്ടു പോകാൻ വരുമ്പോൾ റാസക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ട്. ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. മോൾക്ക് ഞങ്ങൾ രണ്ടാളെയും വേണം. ഞാനും റാസയും പരസ്പരം കുറ്റം പറയാതെ, സ്നേഹം നിലനിർത്തിയാണ് മുന്നോട്ടു പോകുന്നത്. ഞങ്ങൾ അങ്ങിനെയാണ് എന്ന് ഞങ്ങൾക്കറിയാം. ആരോ ഒരാൾ കുറ്റം ചെയ്തുവെന്നാണ് പ്രേക്ഷകർ കരുതുന്നത്. ഉപ്പയുടെയും ഉമ്മയുടെയും ഏകമകളാണ് ഞാൻ. എന്ത് തീരുമാനം എടുക്കുന്നതിനും അവർ കൂടെനിന്നു.
പുതുതായി ആരെയും പാട്ടിൽ കൂട്ടുന്നതിന് വേണ്ടി ആലോചിച്ചിട്ടില്ല. നേരത്തെയും ഒറ്റയ്ക്ക് തന്നെ പാടിയിട്ടുണ്ട്. ഓമലാളെ ഹിറ്റായ ശേഷമാണ് ആളുകൾ കണ്ടു തുടങ്ങിയത്. ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല എന്ന് തോന്നിയിട്ടില്ല. എനിക്കത് പറ്റും. റാസയെ വേണ്ട, അദ്ദേഹത്തിന്റെ സംഗീതം മതി എന്ന രീതിയിലൊക്കെയാണ് ചില ആളുകൾ പ്രതികരിക്കുന്നത്. ആ പാട്ടുകളിൽ രണ്ടുപേരുടെയും പങ്കുണ്ട്. ഇനി ആ പാട്ടുകൾ പാടരുത് എന്നില്ല. ഇതുവരെ കടന്നുവന്ന ഓരോ മൊമന്റ്സും സങ്കടവും സന്തോഷവും നിറഞ്ഞതാണ്. ഒന്നും മറക്കേണ്ടതില്ല. സോഷ്യൽ മീഡിയയിൽ ഒന്നിച്ചുണ്ടായിരുന്ന ചിത്രങ്ങളൊന്നും ഇപ്പോഴും ഒഴിവാക്കിയിട്ടില്ല. സ്നേഹിച്ചിരുന്ന ഒരു കാലത്തെ ഓർമ്മകളാണ് അത്. മറക്കേണ്ടതോ മായ്ച്ചുകളയേണ്ടതോ അല്ല. ഒന്നിച്ചു പാടിയ പാട്ടുകളെല്ലാം ഇനിയും പാടും.
റാസ ബീഗം പാട്ടു കൂട്ടിനെ പറ്റി നേരത്തെ മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച ഫീച്ചർ വായിക്കാം..
വേറിട്ട ശബ്ദത്തിലൂടെ സംഗീതത്തിന്റെ ആകാശത്തിലേക്ക് പുതിയ പടവുകൾ കെട്ടുകയാണ് റാസയും റാസയുടെ ജീവിതത്തിലെ കൂട്ട് ഇംതിയാസും. സംഗീതവും ജീവിതവും കൂട്ടിക്കെട്ടിയുള്ള ശ്രുതിമധുരമായ ജീവിതം.
ഉമ്മയായിരുന്നു റാസയുടെ ചുണ്ട് പാട്ടിനൊപ്പം ചലിപ്പിച്ചത്. മനോഹരമായ പാട്ടുകളുമായി ഉമ്മ സുബൈദ റാസയെ പാട്ടിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എൽ.പി ക്ലാസ് മുതൽ സ്‌കൂൾ പരിപാടികളിൽ പങ്കെടുത്തു. വാദിഹുദ യു.പി സ്‌കൂളിലെത്തിയതോടെ കൂടുതൽ അവസരങ്ങളും ലഭിച്ചു.കണ്ണൂർ കുറുവ സ്വദേശിയായ റാസയുടെ സംഗീതത്തിലെ താൽപര്യം കണ്ടാണ് റാസയെ ഉപ്പ കെ.കെ ബഷീർ തന്റെ കൂട്ടുകാരൻ കൂടിയായ മഹമ്മൂദിന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. സംഗീതത്തെ ജീവനോളം സ്‌നേഹിച്ച ഒരാളായിരുന്നു മഹമ്മൂദ്. ഹാർമോണിയത്തിൽ റാസയുടെ വിരലുകൾ തൊടുവിച്ചത് മഹമ്മൂദായിരുന്നു.
മഹമ്മൂദായിരുന്നു ആദ്യ ഗുരു. പിന്നീട് പാപ്പിനിശേരിയിലെ മൊയ്തു ഉസ്താദിന്റെ അടുത്തേക്കായി യാത്ര. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാനുള്ള ശ്രമത്തിൽ വിജയിച്ചോ എന്ന ചോദ്യത്തിന് തന്റെ സ്വതഃസിദ്ധമായ വിനയം ചാലിച്ച ചിരിയുമായി റാസ ഹാർമോണിയത്തിൽ വിരലുകളോടിക്കും.
അടുക്കും ചിട്ടയോടും കൂടിയ സംഗീത പഠനമായിരുന്നു അവിടെനിന്ന്. രാത്രി കുറെയാളുകൾ വരും. അവിടെയിരുന്നു പാടും. ചിലർ ഹാർമോണിയം വായിക്കും. ചിലർ തബലയിൽ വിരലോടിക്കും. കുറച്ചാളുകൾ മാത്രം. രാവേറും വരെ നീണ്ടുനിർക്കുന്ന മെഹ്ഫിലുകൾ. വീട്ടിൽനിന്ന് 24 കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു അവിടേക്ക്. അതുകൊണ്ടു തന്നെ സ്ഥിരം യാത്ര നടക്കാതായി. അതോടെ ആ പഠനവും അലിഞ്ഞലിഞ്ഞില്ലാതായി.
കണ്ണൂർ സിറ്റിയിൽ തന്നെയുള്ള കണ്ണൂർ സിറ്റിയിലെ അബൂബക്കർ മെമ്മോറിയൽ മ്യൂസിക് അക്കാദമിയിലെ സ്ഥിരം അംഗമായി. പങ്കജ് ഉദാസ്, ജഗ്ജിത് സിംഗ് തുടങ്ങിയവരുടെ പാട്ടും ഗസലുകളുമെല്ലാം ചേർന്ന് നല്ല മേളമായിരുന്നു.
ഓമലാളെ നിന്നെയോർത്ത് എന്ന പാട്ടിലൂടെയാണ് റസയെ ആളുകളറിയുന്നത്.
റാസയുടെ ബാല്യകാല സുഹൃത്തും എൽ.പി സ്‌കൂളിലെ സഹപാഠിയുമായിരുന്ന യൂനുസാണ് ഓമലാളെ എന്ന പാട്ട് എഴുതിയത്. ഈ പാട്ടിന്റെ ആദ്യനാലു വരികൾ യൂനുസ് തന്നെ ഏകദേശം ചിട്ടപ്പെടുത്തി റസക്ക് അയച്ചുകൊടുത്തു. പിന്നീട് പൂർണമായും റസ തന്നെ സംഗീത സംവിധാനം നിർവഹിച്ച് പാടുകയും ചെയ്തു. മൂന്നു കൊല്ലത്തോളം ഈ പാട്ടിനൊപ്പം തന്നെയായിരുന്നു റാസയും ഇംതിയാസും. അവരത് പിന്നെയുംപിന്നെയും കേൾക്കുകയും മാറ്റിപ്പണിയുകയും ചെയ്തു. അതുംകഴിഞ്ഞ് മകൾ സൈനബുൽ യുസ്‌റക്കടുത്തിരുന്ന് ഈ പാട്ട് പാടുന്നത് ഇംതിയാസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് റാസയെന്ന ഇപ്പോഴത്തെ യുവഗായകൻ സംഗീത ലോകത്തിന് മുന്നിൽ ആശ്ചര്യമായത്.
സംഗീത വഴിയിലാണ് ഇംതിയാസും റാസയും കണ്ടുമുട്ടിയത്. തിരുവനന്തപുരം ആറ്റിങ്ങൽ ഇളമ്പയിലാണ് ഇംതിയാസിന്റെ വീട്. കണ്ണൂർ വളപ്പട്ടണത്തിലെ വെസ്റ്റേൺ പ്ലൈവുഡ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു ഉപ്പ ബുഖാരി. ഉമ്മ ഷംഷാദ് ബീഗത്തിന് കണ്ണൂരിലെ സെയിൽസ് ടാക്‌സ് ഓഫീസിലായിരുന്നു ജോലി. ചെറുപ്പം മുതലേ പാട്ടിനോടൊപ്പമായിരുന്നു ഇംതിയാസിന്റെ ചങ്ങാത്തം. ഇത് കണ്ട അയൽവാസികളാണ് ഉപ്പയോട് ഇംതിയാസിനെ സംഗീതം പഠിപ്പിക്കണമെന്ന് പറഞ്ഞത്. ഇംതിയാസിന്റെ സംഗീത പഠനം തുടങ്ങുന്നത് ഡോ. ഓമനക്കുട്ടി ടീച്ചറുടെ സംഗീത ഭാരതിയിലൂടെയാണ്. അത് പിന്നീട് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കാഞ്ഞങ്ങാട്ടെ സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ വരെയെത്തി.
ശ്രീനിവാസൻ സാറായിരുന്നു ഗുരു. പത്താം ക്ലാസിന് ശേഷം പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി സംഗീത പഠനത്തിന് ഇടവേള കൊടുക്കുകയായിരുന്നു. ഇംതിയാസ് ബീഗത്തിന്റെ ഉപ്പ കണ്ണൂർ സിറ്റി മ്യൂസിക് ക്ലബ്ബിലെത്താറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഇംതിയാസിന്റെ സംഗീത താൽപര്യത്തെ പറ്റി റാസയോട് ഉപ്പ പറയുന്നത്. പിന്നീട് പലപ്പോഴും സംഗീത വേദികളിൽ അവർ കണ്ടുമുട്ടി. അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. ശ്രുതി മധുരമേറും ജീവിതത്തിൽ സൈനബുൽ യുസ്‌റ എന്ന മോളുമുണ്ട്.