കൊച്ചി- പുലിനഖ മാല ധരിച്ചതിന്റെ പേരിൽ റിമാന്റിലായ റാപ്പർ വേടന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഗീ വർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത. ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഗീ വർഗീസ് ഇക്കാര്യം പറഞ്ഞത്. എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനിൽ ഉണ്ടെങ്കിൽ അതിൽ നിന്ന്പുറത്തു വരാൻ എന്നാൽ കഴിയുന്ന രീതിയിൽ ഒപ്പം നിൽക്കണം. കേരളത്തിന്റെ ബോബ് മാർലി ആരോഗ്യവനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീതവിപ്ലവം അനസ്യുതം തുടരണം . അത്രമേൽ ഇഷ്ടമാണ് വേടനെ, വേടന്റെ പാട്ടുകളെ, അവയുടെ രാഷ്ട്രീയത്തെയെന്നും ഗീ വർഗീസ പറഞ്ഞു.
എത്ര നല്ല സന്ദേശം ആണ് വേടൻ ഇന്ന് സമൂഹത്തിനു നൽകിയത്! “തനിക്കു തെറ്റ് പറ്റി, പുകവലിയും മദ്യപാനവും നല്ല ശീലമല്ല, ഞാൻ തിരുത്തും ” എന്ന പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നു. ജാമ്യം കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നു. മാനുഷിക മുഖം പണ്ടേ നഷ്ടപ്പെട്ട ഒരു വനം വകുപ്പ്! നമ്മുടെ കേരളം ഒട്ടും പുരോഗമനപരമല്ല എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്.
ലഹരി പൂർണമായും ഉപേക്ഷിച്ചു ശക്തമായി മടങ്ങി വരിക പ്രിയപ്പെട്ട അനിയാ. അനിയന്റെ ചടുല സംഗീതത്തേക്കാൾ വലിയ ലഹരി വേറെ എന്തുണ്ട്?. സീസർ കാഷിയസിനെ കുറിച്ച് പറയുന്നുണ്ട് : “അയാളിൽ സംഗീതമില്ല, അതുകൊണ്ട് അപകടകാരി ആയിരിക്കും ”
എന്നാൽ നമ്മുടെ മേലാളന്മാർ ചിന്തിക്കുന്നത് തിരിച്ചാണ്. “വേടനിൽ സംഗീതം ഉണ്ട്. അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണം. നമ്മുടെ മുഖ്യധാര രാഷ്ട്രീയ കലാ സാംസ്‌കാരിക ശക്തികേന്ദ്രങ്ങൾ ഇന്ന് വേടനെ ഭയക്കുന്നു, കാരണം വേടൻ പാടുന്നതും പറയുന്നതും ഇവർ എല്ലാം ഉപേക്ഷിച്ച അടിത്തട്ടു വിപ്ലവം ആണ്, സവർണ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന- ബാബസഹേബ് അംബേദ്കറും മഹാത്മാ അയ്യങ്കാളിയും തുടങ്ങി വച്ച സാമൂഹിക ജനാധിപത്യ വിപ്ലവം ആണ്. ..
“പല്ല് ” മാത്രമല്ല “നഖവും ” ഉള്ള ഈ അടിത്തട്ടു രാഷ്ട്രീയം വേടൻ ഇനിയും പാടുക, പറയുക. ..ഒപ്പം ഉണ്ട്. .. അധികം വൈകാതെ നേരിട്ട് കാണണം എന്ന ആഗ്രഹത്തോടെ, ജയ് ഭീം എന്ന് പറഞ്ഞാണ് ഗീവർഗീസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.