ജിദ്ദ: മെയ് ഒന്ന് (മറ്റന്നാൾ) മുതൽ സെൻട്രൽ ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന മേഖലകളിലെ പൊതു പാർക്കിംഗ് സ്ഥലങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ഫലസ്തീൻ സ്ട്രീറ്റ്, കിംഗ് ഫഹദ് റോഡ്, മദീന റോഡ്, ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ്, കിംഗ് അബ്ദുല്ല റോഡ് എന്നിവയുൾപ്പെടെ നിരവധി തിരക്കേറിയ തെരുവുകളിലെ പാർക്കിംഗ് പുതിയ സംവിധാനത്തിലൂടെ നിയന്ത്രിക്കും. പണമടയ്ക്കാതെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും.
പദ്ധതിയുടെ ലക്ഷ്യങ്ങൾ:
- പാർക്കിംഗ് സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക
- നിയമവിരുദ്ധവും ക്രമരഹിതവുമായ പാർക്കിംഗ് കുറയ്ക്കുക
- ഗതാഗതക്കുരുക്ക് ലഘൂകരിക്കുക
- താമസക്കാരെയും സന്ദർശകരെയും പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക,
- മൊത്തത്തിലുള്ള ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുക.

എങ്ങനെ പാർക്കിംഗിന് പണം നൽകാം:
ഡ്രൈവർമാർക്ക് രണ്ട് വഴികളിലൂടെ പാർക്കിംഗിന് പണം നൽകാം: Mawgif മൊബൈൽ ആപ്പ് വഴി പണമടക്കാം, ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിൽ ഈ ആപ്പ് ലഭ്യമാണ്. പാർക്കിംഗ് ഏരിയകൾക്ക് സമീപത്ത് പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂ.ആർ കോഡുകൾ സ്കാൻ ചെയ്തും പണമടക്കാം. ഫിസിക്കൽ പേയ്‌മെന്റ് ചെയതതിൻെറ തെളിവ് ഡ്രൈവർമാർ ഡാഷ്‌ബോർഡിൽ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.
ക്യൂ.ആർ കോഡ് ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഘട്ടങ്ങൾ:
- നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.
- ആവശ്യമുള്ള പാർക്കിംഗ് സമയം തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
- നിങ്ങളുടെ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് വിവരങ്ങൾ നൽകുക.
- ലഭ്യമായ രീതികൾ ഉപയോഗിച്ച് പണമടയ്ക്കൽ പൂർത്തിയാക്കുക.
പിഴകൾ ഒഴിവാക്കുന്നതിനും നഗരമധ്യത്തിലെ സുഗമമായ ഗതാഗതത്തെ സഹായിക്കുന്നതിനും പുതിയ പാർക്കിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.mawgif.com എന്ന ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.