ദുബായ്: ഗ്ലോബൽ വില്ലേജിൽ 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് സീസൺ 29 അവസാനിക്കുന്നതു വരെ സൗജന്യ പ്രവേശനം അനുവദിക്കും. നേരത്തേ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും മാത്രമായിരുന്നു സൗജന്യ പ്രവേശനം അനുവദിച്ചിരുന്നത്.
സീസണിൻെറ ശേഷിക്കുന്ന ദിനങ്ങളിലേക്ക് കൂടുതൽ കുടുബങ്ങളെ ഗ്ലോബൽ വില്ലേജ് സാമൂഹിക മാധ്യമങ്ങളിലൂടെ ക്ഷണിക്കുന്നുണ്ട്. ഈ വർഷം, സന്ദർശകരെ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കൂടുതൽ സാംസ്കാരിക പ്രദർശനങ്ങൾ, വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്തിരുന്നു. മേയ് 11നാണ് ഈ സീസൺ സമാപിക്കുന്നത്.
ലോക പ്രശസ്ത താരങ്ങളെ ആദരിച്ചുള്ള ഗാനാലാപന പരിപാടി ഏപ്രിൽ മാസത്തിലെ ബുധനാഴ്ചകളിൽ തുടരുന്നുണ്ട്. ഏപ്രിൽ 16 ന് ഫ്രെഡി മെർക്കുറി, ഏപ്രിൽ 23ന് ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർക്ക് ആദരമർപ്പിച്ചുള്ള പരിപാടി നടന്നിരുന്നു. ഏപ്രിൽ 30ന് ബോൺ ജോവിക്ക് ആദരമർപ്പിച്ചുള്ള പരിപാടി നടക്കും. സീസൺ 29 മെയ് 11ന് ഔദ്യോഗികമായി അവസാനിക്കും.