കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ പള്ളികളിലേയും പ്രാര്‍ത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ദേശീയ തലത്തില്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. ബാങ്കിനും നമസ്‌കാരം തുടങ്ങുന്നതിനുമിടയിലുള്ള പരമാവധി സമയം 10 മിനിറ്റാക്കിയാണ് ചുരുക്കിയത്.
ഊര്‍ജ സംരക്ഷണത്തിന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള സമയം ചുരുക്കണമെന്ന നിര്‍ദേശം പള്ളികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ബദര്‍ അല്‍ ഉതൈബി എല്ലാ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും നല്‍കിയിരുന്നു.
രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വര്‍ധനയും പല വൈദ്യുതോല്‍പ്പാദന സ്റ്റേഷനുകളിലും നടന്നുവരുന്ന അറ്റക്കുറ്റപ്പണികളും കണക്കിലെടുത്താണ് ഈ നടപടി. ഊര്‍ജ സംരക്ഷണത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാകണെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം നിര്‍ദേശിച്ചു.