ജിസാൻ- സൗദി അറേബ്യയുടെ ആകാശത്ത് അതിമനോഹരമായ വർണരാജി വിരിയിച്ച് അത്ഭുത പ്രതിഭാസം. ജിസാൻ, അബഹ, അസീർ തുടങ്ങി സൗദിയുടെ വിവിധ മേഖലകളിലാണ് സൂര്യന് ചുറ്റിലും പ്രകാശവലയം ഉണ്ടായത്.അന്തരീക്ഷത്തിലെ ഐസ് പരലുകൾക്കുള്ളിലെ പ്രകാശത്തിന്റെ അപവർത്തന(തരംഗത്തിന്റെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനം)ത്തിന്റെയും പ്രതിഫലനത്തിന്റെയും ഫലമായുണ്ടാകുന്ന ഒപ്റ്റിക്കൽ പ്രതിഭാസമാണിത്. ഉയരത്തിലുള്ള സിറസ് അല്ലെങ്കിൽ സിറോസ്ട്രാറ്റസ് ( സുതാര്യമായ പാടപോലെ കാണപ്പെടുന്ന ഒരിനം മേഘമാണ് സിറോസ്ട്രാറ്റസ്.
ചില അവസരങ്ങളില്‍ ആകാശം ഇതുകൊണ്ട് മൂടിയിരിക്കും) ഐസ് പരലുകളിലൂടെ കടന്നുപോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സൂര്യനു ചുറ്റുമുള്ള ആരം കാരണം ഇതിനെ ’22-ഡിഗ്രി ഹാലോ’ എന്നാണ് വിളിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ തെക്കൻ മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും, സൂര്യന്റെ വട്ടത്തെ വ്യക്തമായി ചുറ്റുന്ന ഒരു പ്രകാശ വലയം ദൃശ്യമായത്. സൂര്യപ്രകാശത്തിന്റെ വിഭജനം മൂലമാണ് ഇത് ഉണ്ടാകുന്നതെന്ന് സ്‌പേസ് ആൻഡ് ആസ്ട്രോണമി ക്ലബ്ബിന്റെ പ്രസിഡന്റ് സാഹി അൽ-ഖലീവി ” പറഞ്ഞു. അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിൽ ഈർപ്പവും തണുപ്പും വർദ്ധിക്കുന്നത് ഒരു പ്രകാശ വലയം രൂപപ്പെടുത്തുകയും അതിൽ വർണ്ണരാജിയുടെ പ്രതിഫലനങ്ങൾ ദൃശ്യമാകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.