അബുദാബി: നാലു പതിറ്റാണ്ടോളം യുഎഇയിൽ ഫോട്ടോ ജേണലിസ്റ്റായിരുന്ന തൃശൂർ എറിയാട് സ്വദേശി മണ്ടായിപ്പുറത്ത് എം.കെ അബ്ദുൽറഹ്മാൻ(70) അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോഗ്രഫറായി വിരമിച്ചശേഷം നാട്ടിലേക്കു മടങ്ങിയിരുന്നു. രണ്ടു മാസം മുമ്പ് സന്ദർശന വിസയിൽ തിരിച്ചെത്തിയ ഇദ്ദേഹം അടുത്ത ആഴ്ച ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
യുഎഇയുടെ ഔദ്യോഗിക പരിപാടികളിലും സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന അബ്ദുൽറഹ്മാൻ ഭരണാധികാരികളുമായും വ്യവസായികളുമായും കലാസാംസ്‌കാരിക സംഘടനാ ഭാരവാഹികളുമായും നല്ല ബന്ധം പുലർത്തിയിരുന്നു.
1976 ഏപ്രിലിൽ മുംബെയിൽ നിന്ന് കപ്പൽ മാർഗം ദുബായിലെത്തിയ അദ്ദേഹം1982 ആഗസ്ത് എട്ടിന് ഗൾഫ് ന്യൂസിന്റെ അബുദാബി ഓഫിസിൽ ഫോട്ടോഗ്രഫറായി. 38 വർഷത്തെ സേവനത്തിൽനുശേഷം ചീഫ് ഫോട്ടോഗ്രഫറായാണ് വിരമിച്ചത്.
ഫോട്ടോ ജേണലിസ്റ്റ് പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ വികസനത്തിനു മികച്ച സംഭാവനകൾ സമർപ്പിച്ച അബ്ദുൽറഹ്മാനെക്കുറിച്ച് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറബിക് ഭാഷയിൽ പ്രത്യേക പുസ്തകം പ്രസിദ്ധീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
ഫോട്ടോഗ്രഫി മികവിന് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പരേതനായ മണ്ടായിപ്പുറത്ത് കുഞ്ഞികാദർ ഹാജിയുടെ മകനാണ്.
ഭാര്യ: നസീമ. മക്കൾ: ഫാസിൽ (താഖ ഗ്രൂപ്പ് സ്‌ട്രേറ്റജി ആൻഡ് എനർജി ഡിവിഷൻ വൈസ് പ്രസിഡന്റ് യുഎഇ), ഫാഇസ (ഖത്തർ).
മരുമക്കൾ: ഷിഫാന (അബുദാബി), ഷെഹീൻ (ഖത്തർ). മൃതദേഹം ഇന്ന് അബുദാബിയിൽ ഖബറടക്കും.