റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പിടിച്ചുപറികൾ നടത്തിയ വിദേശ യുവതി ഉൾപ്പെട്ട രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും മൊറോക്കൊക്കാരിയുമാണ് അറസ്റ്റിലായത്.
സുരക്ഷാ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി ആളുകളെ തന്ത്രപൂർവം കെണിയിൽ വീഴ്ത്തി ദേഹപരിശോധന നടത്തി പണം കൈക്കലാക്കി കള്ളനോട്ട് മാറിനൽകുകയും ഇങ്ങിനെ കൈക്കലാക്കുന്ന പണം വിദേശത്തേക്ക് അയക്കുകയുമാണ് സംഘം ചെയ്തിരുന്നത്. പ്രതികളുടെ പക്കൽ ഉറവിടമറിയാത്ത 60,000 റിയാലും സ്വർണാഭരണങ്ങളും കത്തിയും കൈവിലങ്ങുകളും ആളുകളിൽ നിന്ന് പിടിച്ചുപറിച്ച മൊബൈൽ ഫോണുകളും മറ്റും കണ്ടെത്തി.
ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.