ന്യൂദൽഹി: താപനില കുറക്കാൻ ക്ലാസ് മുറികളിൽ ചാണകം പൂശിയ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർത്ഥി യൂണിയൻ. ദൽഹിയിലെ ലക്ഷ്മിഭായ് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ചുമരിലാണ് ഡി.യു.എസ്.യു പ്രസിഡന്റ് റോണക് ഖത്രി ഇന്ന് ചാണകം പൂശിയത്. കഴിഞ്ഞ ദിവസം ക്ലാസ് മുറികളിൽ പ്രിൻസിപ്പൽ പ്രത്യുഷ് വത്സല ചാണകം പൂശിയതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വിദ്യാർഥികളിൽനിന്ന് സമ്മതം വാങ്ങാതെയാണ് ക്ലാസ് മുറിയിൽ ചാണകം പൂശിയതെന്നും നിങ്ങൾക്ക് എന്തെങ്കിലും ഗവേഷണം ചെയ്യാനുണ്ടെങ്കിൽ അത് സ്വന്തം വീട്ടിൽ ചെയ്യണമെന്നും റോണക് ഖത്രി പറഞ്ഞു.
തദ്ദേശീയവും സുസ്ഥിരവുമായ തണുപ്പിക്കൽ സാങ്കേതിക വിദ്യകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു ക്ലാസ് മുറിയിൽ ചാണകം പൂശിയത് എന്നാണ് പ്രിൻസിപ്പലിന്റെ വാദം. താനും തന്റെ സംഘവും പ്രിൻസിപ്പലിന്റെ ഓഫീസ് ചുവരുകളിൽ പ്ലാസ്റ്റർ ചെയ്ത് അവരെ “സഹായിക്കാൻ” പോയതായി ഖത്രി പിന്നീട് പരിഹസിച്ചു.
“മാഡം ഇപ്പോൾ തന്റെ മുറിയിൽ നിന്ന് എസി നീക്കം ചെയ്ത് വിദ്യാർത്ഥികൾക്ക് കൈമാറുമെന്നും, ചാണകം പുരട്ടിയ ഈ ആധുനികവും പ്രകൃതിദത്തവുമായ തണുത്ത അന്തരീക്ഷത്തിൽ കോളേജ് നടത്തുമെന്നും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്,”- ഖത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
സി ബ്ലോക്കിലെ ക്ലാസ് മുറികൾ തണുപ്പിക്കാൻ തദ്ദേശീയ രീതി ഉപയോഗിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അധ്യാപകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ പങ്കിട്ടിരുന്നു.