ന്യൂയോര്‍ക്ക്: ലോക പ്രശസ്ത അമേരിക്കന്‍ കലാലയമായ ഹാവാഡ് യൂനിവേഴ്‌സിറ്റിയുടെ 220 കോടി ഡോളറിന്റെ ഫണ്ട് യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചു. ആറ് കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളും മരവിപ്പിച്ചു. കാമ്പസില്‍ ഇസ്രായില്‍ വിരുദ്ധ ഇല്ലാതാക്കാനെന്ന പേരില്‍ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം ഹാവാഡ് അധികാരികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഈ പകരംവീട്ടല്‍. സര്‍വകലാശാല ഭരണത്തിലും നിയമനങ്ങളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളിലുമെല്ലാം മാറ്റങ്ങള്‍ വേണമെന്ന് അടക്കമുള്ള ആവശ്യങ്ങളുടെ നീണ്ട പട്ടികയാണ് ട്രംപ് ഭരണകൂടം ഹാവാഡിന് നല്‍കിയത്. ഏപ്രില്‍ മൂന്നിന് ഈ കത്ത് സര്‍വകലാശാലയ്ക്ക് ലഭിച്ചത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ അവരെ വിശദമായ പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കണമെന്നും ഡൈവേഴ്‌സിറ്റി ഓഫീസുകള്‍ അടച്ചു പൂട്ടണമെന്നും ട്രംപ് ഭരണകൂടം ഹാവാഡിന് നല്‍കിയ നിര്‍ദേശങ്ങളിലുണ്ട്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കാഴ്ചപ്പാടുകളും നിലപാടുകളും ഓഡിറ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം തള്ളുന്നതായി ഹാവാഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. ഒരു സ്വകാര്യ യൂനിവേഴ്സിറ്റി എന്തു പഠിപ്പിക്കണമെന്നോ, ആർക്കൊക്കെ പ്രവേശനം നൽകണമെന്നോ, ആരെ നിയമിക്കണമെന്നോ, ഏതൊക്കെ മേഖലകളിൽ അവർക്ക് പഠനം നടത്താമെന്നോ ആജ്ഞാപിക്കാൻ ഏതു പാർട്ടിയുടെ സർക്കാരാണെങ്കിലും അധികാരമില്ലെന്ന് ഹാവാഡ് മേധാവി ചുട്ടമറുപടി നൽകി.
സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങളിന്മേലും വിലപേശലിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലയ്ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുമുള്ള 90 ലക്ഷം ഡോളറിന്റെ ഫണ്ട് യുഎസ് സര്‍ക്കാര്‍ പുനപ്പരിശോധനയ്ക്കായി മാറ്റിവച്ചതിനു പിന്നാലെയാണ് വ്യക്തമായ നിലപാട് അറിയിച്ച് ഹാവാഡ് പ്രസിഡന്റിന്റെ മറുപടി. പുതിയ വിവരങ്ങളോടും വ്യത്യസ്ത കാഴ്ചപ്പാടുകളോടും തുറന്ന സമീപനമാണ് ഹാവാഡിന്റേതെന്നും ഈ ഭരണകൂടത്തിന്റേയൊ മറ്റേതെങ്കിലും ഭരണകൂടത്തിന്റെ നിയമപരമായ അധികാരത്തിനപ്പുറത്തുള്ള ഒരു ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് ഇസ്രായില്‍ വിരുദ്ധത തടയാനായി ട്രംപ് ഭരണകൂടം രൂപം നല്‍കിയ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് റ്റു കൊംപാറ്റ് ആന്റൈ സെമിറ്റിസം എന്ന സിമിതി ഹാവാഡിന്റെ 220 കോടി ഡോളറിന്റെ ഫണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. സര്‍ക്കാര്‍ ഫണ്ട് വാങ്ങുമ്പോള്‍ പൗരാവകാശ നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമില്ലെന്ന അസ്വസ്ഥജനകമായ അവകാശ മനോഭാവം യുഎസിന്റെ അഭിമാനമായ യൂനിവേഴ്‌സിറ്റികളിലും കോളെജുകളിലും നിലനില്‍ക്കുന്നുവെന്നതിന് തെളിവാണ് ഹാവാഡിന്റെ നടപടിയെന്ന് ഈ സമിതി ആരോപിക്കുന്നു. സമീപകാലത്തായി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നത് പതിവായിട്ടുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ഉപദ്രവങ്ങളും വച്ചുപൊറുപ്പിക്കാനാകില്ല. നികുതിദായകരുടെ പണം ലഭിക്കണമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ യൂനിവേഴ്‌സിറ്റികള്‍ ഗൗരവത്തിലെടുത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറാകാണമെന്നും സമിതി പറഞ്ഞു.