ജിദ്ദ- ജനാധിപത്യ മര്യാദപോലും പാലിക്കാതെ, മുസ്ലിം മത സംഘടനകളെയോ രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയോ കേൾക്കാതെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് ഭേദഗതി നിയമത്തിന് എതിരെ രാജ്യത്തെ ജനാധിപത്യ കക്ഷികളിൽ നിന്ന് ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഫാസിസം വഖഫിലും പിടിമുറുക്കിഎന്ന പേരിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.
പുതിയ നിയമം തീർത്തും ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി മാത്രം ദൈവിക പ്രീതി ലക്ഷ്യമാക്കി മുൻഗാമികൾ ദാനം ചെയ്ത വഖഫ് ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള സമ്പത്ത് പിടിച്ചെടുക്കാനുള്ള ആർ.എസ്.എസ് നീക്കമാണന്ന് നടക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൽനിന്നും നിരന്തരം ഉണ്ടാവുന്ന കരി നിയമങ്ങൾ ഒരു സമൂഹത്തെ രാജ്യത്തുനിന്ന് ഉൻമൂലനം ചെയ്യാനുള്ള ആർ എസ് എസ് അജണ്ടയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
സംസ്ഥാന മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടന്ന ചർച്ചാ സംഗമത്തിൽ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. തമിഴ്നാട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എ. എം. ഷാജഹാൻ സംഗമം ഉദ്ഘാടനം ചെയ്തു. തെങ്കാശി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സെയ്ദ് പട്ടാണി മുഖ്യ പ്രഭാഷണം നടത്തി. നിയമം മുസ്‌ലിം സമൂഹത്തിന്റെ മത-ആരാധന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അവകാശങ്ങളെ ഭംഗപ്പെടുത്തും. വഖഫ് ബോർഡിന്റെ അധികാരങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലാക്കുക വഴി സമൂഹത്തിന്റെ മാത്രം ഉന്നമനത്തിന് വേണ്ടിയുള്ള വഖഫ് ട്രസ്റ്റുകളിൽ അമുസ്ലിങ്ങളെ നിർബന്ധമായും നോമിനേറ്റ് ചെയ്യുന്നത് ഭരണഘടന രാജ്യത്തെ എല്ലാ മതങ്ങൾക്കും നൽകിയ അവകാശങ്ങളുടെ ലംഘനമാണ്.

സമുദായത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ മാറ്റി വെച്ച് കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനകളും രാജ്യത്തെ മതേതര രാഷ്ട്രീയ കക്ഷികളോടൊത്തു ഈ കരി നിയമത്തിനെതിരിൽ ജനാധിപത്യ മാർഗങ്ങളിലൂടെ പ്രതിഷേധ സ്വരമുയർത്തുന്നതിന് മുന്നോട്ട് വരണമെന്നും യോഗം അഭ്യർത്ഥിച്ചു. ഈ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ വഖഫ് ആസ്തികൾ അന്യാധീനപ്പെടാൻ സാധ്യതയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്ലിം മത സംഘടനകളെയും ജനാതിപത്യ മതേരത്വ രാഷ്ട്രീയ കക്ഷികളുടെ ഇടയിലും ഈ നിയമത്തിന്റെ ഗൗരവമായ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധ വൽക്കരണം നടത്തുന്നതിനും കേരളത്തിലെ മുസ്ലിം നേതൃത്വവും മതേതര ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വിവിധ മത സംഘടനകളെ പ്രതിനിധീകരിച്ച് നജ്മുദ്ദീൻ ഹുദവി, കാസിം സഖാഫി, ശിഹാബ് സലഫി, സലാഹ് കാരാടൻ, ഡോക്ടർ റിയാസ്, നൗഷാദ് മസ്ഊദ് മൗലവി, മൻസൂർ മാസ്റ്റർ, ഗോവ കെഎംസിസി സെക്രട്ടറി നിസാമി നൈന, സൗദി കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട്, സി കെ റസാക്ക് മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. വി പി മുസ്തഫ സ്വാഗതവും അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ. കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, അശ്റഫ് താഴെക്കോട്, ഷക്കീർ മണ്ണാർക്കാട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, എന്നിവർ സംഗമത്തിന് നേതൃത്വം നൽകി