കൊല്ലം: ദേശീയ അന്വേഷണ ഏജൻസി മുന്‍ പ്രോസിക്യൂട്ടറും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുമായിരുന്ന അഡ്വ. പി ജി മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു മനു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഇയാൾക്കെതിരായ കേസ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. എറണാകുളം പിറവം സ്വദേശിയാണ്.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കേസ്. ഇക്കഴിഞ്ഞ നവംബറിലാണ് ഇയാൾക്കെതിരെ ചോറ്റാനിക്കര പോലീസ് കേസെടുത്തിരുന്നത്. ഈ കേസിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വരെ തള്ളിയിരുന്നു. തുടർന്ന് ഗവ. പ്ലീഡർ ജോലി രാജിവെച്ച് ഇയാൾ പോലീസിൽ കീഴടങ്ങി. മറ്റൊരു കേസില്‍ അതിജീവിതയുടെ കുടുംബത്തോട് മനുവിന്റെ ഭാര്യ ക്ഷമ ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇന്ന് രാവിലെ ചായ വാങ്ങി കുടിച്ചിരുന്ന മനുവിനെ പിന്നീട് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.