റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍നിന്ന് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സ്ഥലങ്ങളിലേക്ക് റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് ഏറ്റവും കുറവ് ദേശീയ വിമാന കമ്പനിയായ സൗദിയിലയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു വിമാന കമ്പനികൾ സൗദിയയേക്കാൾ ഇരട്ടി നിരക്കാണ് ഈടാക്കുന്നത്.
സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായ അമാഡിയസ് ഐ.ടി ഗ്രൂപ്പിനു കീഴിലെ ആഗോള കംപ്യൂട്ടര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ നിന്നും ട്രാവല്‍ ഏജന്‍സികളില്‍ നിന്നുമുള്ള ഡാറ്റയെ ആശ്രയിച്ചുള്ള കണക്കനുസരിച്ച്, ദുബായ്, ഇസ്താംബൂള്‍, ലണ്ടന്‍, പാരീസ്, കയ്റോ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഔദ്യോഗിക വിമാന കമ്പനികളുടെ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൗദിയയില്‍ വളരെ കുറവാണ്.
നൂറു ശതമാനം മാര്‍ജിനില്‍ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ ഈടാക്കി എമിറേറ്റ്സ് ആണ് പട്ടികയില്‍ ഒന്നാമത്. റിയാദില്‍ നിന്ന് ദുബായിലേക്കുള്ള മടക്ക ടിക്കറ്റിന് ഏകദേശം 1,615 റിയാലാണ് എമിറേറ്റ്‌സ് ഈടാക്കുന്നത്. സൗദിയയില്‍ ഇതേ റൂട്ടില്‍ 840 റിയാലാണ് നിരക്ക്. രണ്ടാം സ്ഥാനത്തുള്ള ടര്‍ക്കിഷ് എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ക്ക് 54 ശതമാനം വരെ വില വ്യത്യാസമുണ്ട്. റിയാദില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ക്ക് ഏകദേശം 1,950 റിയാലാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഈടാക്കുന്നത്. സൗദിയയില്‍ ഇത് 1,300 റിയാലാണ്. റിയാദില്‍ നിന്ന് ലണ്ടനിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്കില്‍ 35 ശതമാനം വ്യത്യാസമുണ്ട്. ലണ്ടനിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഈടാക്കുന്നത് ഏകദേശം 3,500 റിയാലാണ്. സൗദിയയില്‍ ഇതേ റൂട്ടില്‍ 2,600 റിയാലാണ് ടിക്കറ്റ് നിരക്ക്. നാലാം സ്ഥാനത്ത് എയര്‍ ഫ്രാന്‍സാണ്. റിയാദില്‍ നിന്ന് പാരീസിലേക്കുള്ള മടക്കയാത്രാ നിരക്കില്‍ 20.5 ശതമാനം വ്യത്യാസമുണ്ട്. റിയാദ്-പാരീസ് റിട്ടേണ്‍ ടിക്കറ്റിന് എയര്‍ ഫ്രാന്‍സില്‍ 2,650 റിയാലും സൗദിയയില്‍ 2,200 റിയാലുമാണ്.
അഞ്ചാം സ്ഥാനത്ത് ഈജിപ്ത് എയര്‍ ആണ്. റിയാദില്‍ നിന്ന് കയ്റോയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 12 ശതമാനം വ്യത്യാസമുണ്ട്. ഈജിപ്ത് എയറില്‍ 2,904 റിയാലും സൗദിയയില്‍ 2,600 റിയാലുമാണ് നിരക്ക്. അതേസമയം, റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്ക് സൗദിയയെക്കാള്‍ 39 ശതമാനം കുറവാണ്. റിയാദ്-അമ്മാന്‍ റിട്ടേണ്‍ ടിക്കറ്റിന് റോയല്‍ ജോര്‍ദാനിയനില്‍ 1,810 റിയാലും സൗദിയയില്‍ 2,510 റിയാലുമാണ്. ജൂണ്‍ 3 ന് പുറപ്പെട്ട് ജൂണ്‍ 23 ന് തിരിച്ചെത്തുന്നതിനുള്ള ടിക്കറ്റുകള്‍ക്കുള്ള നിരക്കുകളാണിവ. ഡയറക്ട് സര്‍വീസുകളിലെ ടിക്കറ്റ് നിരക്കുകളാണ് വിശകലനത്തിന് വിധേയമാക്കിയിരിക്കുന്നത്. ബജറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
ബുക്കിംഗ് സമയം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യത എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ എയര്‍ലൈന്‍ ടിക്കറ്റ് നിരക്കുകളില്‍ കാര്യമായ വ്യത്യാസമുണ്ടാകും. ആവശ്യവും ലഭ്യതയും സന്തുലിതമാക്കാനും പ്രവര്‍ത്തന ശേഷി മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ട് മിക്ക പ്രധാന വിമാന കമ്പനികളും പിന്തുടരുന്ന ചലനാത്മകമായ വിലനിര്‍ണയ സംവിധാനത്തിന്റെ ഭാഗമാണ് ഈ നയം. ഫ്‌ളൈറ്റ് തീയതി അടുക്കുന്തോറും ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും. ഫ്‌ളൈറ്റ് തീയതിക്ക് തൊട്ടുമുമ്പ് ബുക്ക് ചെയ്യുന്നത് പലപ്പോഴും ഉയര്‍ന്ന നിരക്കുകള്‍ക്ക് കാരണമാകും. കാരണം പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഡിമാന്റ് വര്‍ധിക്കും. ഇത് വിപണി പ്രവണതകളുമായും അവസാന നിമിഷം ബുക്ക് ചെയ്യേണ്ടിവരുന്ന യാത്രക്കാരുടെ പെരുമാറ്റവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഓപ്ഷനുകള്‍ കുറക്കാനും ഉയര്‍ന്ന ചെലവുകള്‍ക്കും കാരണമാകുന്നു.
കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ ഉറപ്പാക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് നേരത്തെയുള്ള ബുക്കിംഗ്. നേരത്തെയുള്ള ഡിമാന്റ് പ്രോത്സാഹിപ്പിക്കാനും ആദ്യ ഘട്ടങ്ങളില്‍ തന്നെ ഉയര്‍ന്ന ഒക്യുപ്പന്‍സി നിരക്കുകള്‍ ഉറപ്പാക്കാനുമായി വളരെ നേരത്തെ ബുക്ക് ചെയ്യുമ്പോള്‍ എയര്‍ലൈനുകള്‍ മത്സരാധിഷ്ഠിത നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു വിമാനത്തില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണവും വില നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ബുക്ക് ചെയ്യാതെ ശേഷിക്കുന്ന സീറ്റുകള്‍ കുറയുംതോറും ടിക്കറ്റ് നിരക്ക് കൂടും. ഇത് ആവശ്യത്തിന്റെയും ലഭ്യതയുടെയും സ്വാധീനത്തെ പ്രതിഫലിപ്പിക്കുകയും ഓരോ ഫ്‌ളൈറ്റിന്റെയും യഥാര്‍ഥ ആവശ്യകതയെ അടിസ്ഥാനമാക്കി വിലനിര്‍ണയം കൈകാര്യം ചെയ്യുന്നതില്‍ വിമാന കമ്പനിയുടെ വഴക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.