കയ്‌റോ – ഗാസയില്‍ ഉടൻ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് എന്നിവര്‍ ആവശ്യപ്പെട്ടു. യുദ്ധം അവസാനിച്ച ശേഷം ഗാസയുടെ ഭരണം പൂര്‍ണമായും ഫലസ്തീന്‍ അതോറിറ്റിക്കായിരിക്കണം. ഗാസയിലും എല്ലാ ഫലസ്തീന്‍ പ്രദേശങ്ങളിലും ഭരണവും ക്രമസമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന്റെ ചുമതല ശാക്തീകരിക്കപ്പെട്ട ഫലസ്തീന്‍ ദേശീയ അതോറിറ്റിക്കു മാത്രമായിരിക്കണമെന്ന് കയ്റോയില്‍ നടന്ന ത്രികക്ഷി ഉച്ചകോടിക്ക് ശേഷം മൂന്ന് നേതാക്കളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനികളെ സംരക്ഷിക്കാനും അവര്‍ക്ക് അടിയന്തര മാനുഷിക സഹായം ഉടനടി പൂര്‍ണമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വെടിനിര്‍ത്തലിലേക്ക് എത്രയും വേഗം മടങ്ങണമെന്ന് നേതാക്കാള്‍ ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തില്‍ മൂന്ന് നേതാക്കളും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കാനുള്ള സാധ്യതയെ ദുര്‍ബലപ്പെടുത്തുകയും പിരിമുറുക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ ഏകപക്ഷീയമായ നടപടികളും അവസാനിപ്പിക്കണം. ജറൂസലമിലെ പുണ്യസ്ഥലങ്ങളുടെ ചരിത്രപരമായ സ്ഥിതിയെ മാനിക്കേണ്ടത് അനിവാര്യമാണ്. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നതിനെയും ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നിരാകരിക്കുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഔദ്യോഗിക ആതിഥേയത്വം നല്‍കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മൂന്ന് നേതാക്കളും കൂടിക്കാഴ്ചക്കിടെ ഫോണ്‍ സംഭാഷണം നടത്തി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള വഴികളും മാനുഷിക സഹായങ്ങള്‍ പൂര്‍ണമായി ലഭ്യമാക്കേണ്ടതിനെയും എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കേണ്ടതിനെയും കുറിച്ച് മൂന്ന് നേതാക്കളും ട്രംപുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍സി അറിയിച്ചു.
മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് സ്തംഭിച്ച ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജാഗ്രതയോടെയുള്ള പ്രതീക്ഷകള്‍ക്ക് കയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ പുതുജീവന്‍ നല്‍കി. ഗാസയില്‍ ഇസ്രായില്‍ വീണ്ടും ആക്രമണം ആരംഭിച്ചതിനെ മാക്രോണ്‍ അപലപിച്ചു. ഗാസ പുനര്‍നിര്‍മിക്കാനുള്ള അറബ് പദ്ധതിക്കുള്ള തന്റെ ശക്തമായ പിന്തുണയും ഹമാസിനെ ഒഴിവാക്കി ഫലസ്തീന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഗാസയില്‍ ഫലസ്തീന്‍ ഭരണം സ്ഥാപിക്കാനുള്ള പിന്തുണയും മാക്രോണ്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രകടിപ്പിച്ചു. ഗാസ യുദ്ധം ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ചാണ് കയ്‌റോയില്‍ ത്രികക്ഷി ഉച്ചകോടി ചേര്‍ന്നത്.
നെതന്യാഹുവും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നിര്‍ണായകമാണെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വിശേഷിപ്പിച്ചു. വൈറ്റ് ഹൗസില്‍ എല്ലാ ശ്രമങ്ങളും നടക്കുമെന്നും പുതിയതും നൂതനവുമായ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും താന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് പറഞ്ഞു.
യുദ്ധം ഒന്നര വര്‍ഷം പിന്നിടുന്നതോടനുബന്ധിച്ച് ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളും പിന്തുണക്കാരും ജറൂസലമിലെ നെതന്യാഹുവിന്റെ ആസ്ഥാനത്തിന് മുന്നിലും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും വീടുകള്‍ക്ക് മുന്നിലും ഉള്‍പ്പെടെ പത്തിലധികം സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എല്ലാ ബന്ദികളെയും തിരികെ എത്തിക്കന്‍ അവര്‍ ആഹ്വാനം ചെയ്തു. ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ ഗവര്‍ണറേറ്റുകളിലുടനീളം സമ്പൂര്‍ണ പണിമുടക്കും നടന്നു. കൂടുതല്‍ അനുകൂല സാഹചര്യങ്ങളില്‍ അടുത്ത മാസം മേഖല സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ആഗ്രഹം കണക്കിലെടുക്കുമ്പോള്‍ ത്വരിതഗതിയിലുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ ഉടന്‍ തന്നെ ഒരു സമാധാനത്തിലേക്ക് നയിച്ചേക്കുമെന്ന് കരുതുന്നതായി മിഡില്‍ ഈസ്റ്റ് ഫോറം ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രസിഡന്റ് സമീര്‍ ഗത്താസ് പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശം ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതീക്ഷകള്‍ പുനരുജ്ജീവിപ്പിച്ചു. വിട്ടയക്കുന്ന ബന്ദികളുടെ എണ്ണം ഉള്‍പ്പെടെ മുമ്പ് നിര്‍ദേശിച്ച നിബന്ധനകളില്‍ ഈജിപ്ത് ഭേദഗതി വരുത്തിയിട്ടുണ്ട്. 40 മുതല്‍ 70 ദിവസം വരെ നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ നിന്ന് ജീവിച്ചിരിക്കുന്ന എട്ട് ബന്ദികളെ മോചിപ്പിക്കാനുള്ള നിര്‍ദേശമാണ് ഈജിപ്ത് പുതുതായി മുന്നോട്ടുവെച്ചിരിക്കുന്നത്. അമ്പത് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി രണ്ട് ബന്ദികളെ മാത്രം വിട്ടയക്കണമെന്ന് ഹമാസും പകുതി ബന്ദികളെ വിട്ടയക്കണമെന്ന് ഇസ്രായില്‍ ആഗ്രഹിക്കുന്നതിനിടെ ഓരോ കക്ഷിയുടെയും അഭിലാഷങ്ങള്‍ പരമാവധി നിറവേറ്റാന്‍ പുതിയ നിര്‍ദേശത്തിലൂടെ ഈജിപ്ത് ശ്രമിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.