തിരുവനന്തപുരം– അര്‍ഹതപ്പെട്ട ജോലി നേടിയെടുക്കാന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കൈമുട്ടിലിഴഞ്ഞ് വനിതാ സിപിഒ റാങ്ക് ജേതാക്കളുടെ പ്രതിഷേധം. ഏഴു ദിവസം പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപ്പാതയില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ വിജയിച്ച് സിവില്‍ പോലീസ് ഓഫീസേഴ്‌സ് റാങ്ക് പട്ടികയില്‍ കേറിയിട്ടും ജോലി കിട്ടാന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരമിരിക്കേണ്ട അവസ്ഥയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
967 പേരുള്ള ലിസ്റ്റില്‍ 232 പുതിയ ഒഴിവ് മാത്രമാണ് വന്നിരിക്കുന്നത്. ഒരു ബാച്ച് മാത്രമാണ് ജോലിക്ക് കയറിയത്. തസ്തിക ഒഴിവില്ലെന്നാണ് അധികൃതര്‍ വാദം. പക്ഷെ അടുത്ത പട്ടികയിലുള്ളവര്‍ കായികക്ഷമത പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് തസ്തികയില്ലെങ്കില്‍ അവര്‍ക്ക് എവിടുന്നാണ് നിയമനം നല്‍കുക. റാങ്ക് ലിസ്റ്റിലെ മുഴുവന്‍ ആളുകളെയും നിയമിച്ചാല്‍ പോലും മുഖ്യമന്ത്രി പറഞ്ഞ 15 ശതമാനം വനിതാ പോലീസ് ആവുകയില്ല, സര്‍ക്കാറിനെ വിശ്വസിച്ചാണ് ഇത്രയും സ്ത്രീകള്‍ തെരുവിലിറങ്ങിയതെന്ന് ഉദ്യോഗാര്‍ഥി പറഞ്ഞു.
ഇന്നലെ നിരാഹാരം അനുഷ്ഠിച്ച മേഖ എന്ന ഉദ്യോഗാര്‍ഥി കുഴഞ്ഞു വീണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു, പകരം മറ്റൊരു ഉദ്യോഗാര്‍ഥിയായ ആതിര നിരാഹാര സമരം തുടങ്ങി. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം ഉദ്യോഗാര്‍ഥികളാണ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം നടത്തുന്നത്.