മക്ക – വിശുദ്ധ ഹറമില്‍ നിന്ന് രോഗിയായ തീര്‍ഥാടകനെ സൗദി റെഡ് ക്രസന്റ് എയര്‍ ആംബുലന്‍സില്‍ ജിദ്ദയിലെ ആശുപത്രിയിലേക്ക് നീക്കി. ഹറമില്‍ നിന്ന് രോഗിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുന്ന ആദ്യത്തെ സംഭവമാണിത്. ഹറമില്‍ മൂന്നാമത് സൗദി വികസന ഭാഗത്ത് നിര്‍മിച്ച രണ്ടു എയര്‍ ആംബുലന്‍സ് ലാന്‍ഡിംഗ് പാഡുകള്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍ ഉദ്ഘാടനം ചെയ്തത്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന അടിയന്തര സേവനങ്ങളിലെ വലിയ പുരോഗതിയാണ് ഹറമില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ രോഗിയെ ജിദ്ദയിലെ ആശുപത്രിയിലേക്ക് നീക്കം ചെയ്തത് പ്രതിഫലിപ്പിക്കുന്നത്.

ഹൃദയാഘാതം ബാധിച്ച അറുപതുകാരനായ തീര്‍ഥാടകനെ ഉടന്‍ തന്നെ ഹറം എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് രോഗിക്ക് പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷമാണ് ഗുരുതരമായ കേസുകളില്‍ പിന്തുടരുന്ന ഏറ്റവും ഉയര്‍ന്ന മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലേക്ക് കൊണ്ടുപോയത്.

വിശുദ്ധ ഹറമില്‍ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗത എയര്‍ ആംബുലന്‍സ് സേവനം വര്‍ധിപ്പിക്കുന്നു. പുതിയ എയര്‍ ആംബുലന്‍സ് ലാന്‍ഡിംഗ് പാഡുകള്‍ ഗുരുതരമായ കേസുകള്‍ റഫറല്‍ ആശുപത്രികളിലേക്ക് ഉടനടി മാറ്റാന്‍ സഹായിക്കുന്നു. ജീവന്‍ രക്ഷിക്കാനും സമയബന്ധിതവും നൂതനവുമായ ആരോഗ്യ സംരക്ഷണം നല്‍കാനും ഇത് സഹായിക്കുന്നു.
ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഹജ്, ഉംറ സീസണുകളില്‍ തീര്‍ഥാടകര്‍ക്ക് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വൈദ്യസഹായം ഉറപ്പാക്കാനായി ഹറമിനുള്ളിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഹറമില്‍ എയര്‍ ആംബുലന്‍സുകള്‍ക്കുള്ള ഹെലിപാഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.