ന്യൂദൽഹി: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം ഈ വർഷം ഒക്ടൊബറിൽ കൊച്ചിയിൽ കളിക്കുമെന്ന് ഔദ്യോഗിക പ്രസ്താവന. ഒക്ടോബറിൽ കൊച്ചിയിൽ നടക്കുന്ന പ്രദർശന മത്സരത്തിലായിരിക്കും ലയണൽ മെസ്സിയും സംഘവും കളിക്കുക. കഴിഞ്ഞ വർഷം നവംബറിൽ, കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ അർജന്റീന ടീമിനെ സന്ദർശിച്ചിരുന്നു. അർജന്റീന ടീമിന്റെ ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഔദ്യോഗിക സ്പോൺസർമാരായ എച്ച്എസ്ബിസി ഇന്ത്യയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഒക്ടോബർ ആറിനും പതിനാലിനും ഇടയിലായിരിക്കും ടീം കൊച്ചിയിലെത്തുക.
ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കും- എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. 2026 ലെ ലോകകപ്പ് യോഗ്യതാ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി 2025 ലെ മത്സര സീസൺ ഉൾക്കൊള്ളുന്ന പുതിയ ഒരു വർഷത്തെ പങ്കാളിത്തത്തിൽ ഇന്ത്യയും സിംഗപ്പൂരും ഒപ്പുവെച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) എച്ച്.എസ്.ബി.സിയും അറിയിച്ചു. 2011 സെപ്റ്റംബറിൽ കൊൽക്കത്തയിൽ വെനിസ്വേലയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം കളിക്കാൻ മെസി നേരത്തെ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആ മത്സരത്തിൽ അർജന്റീന 1-0 ന് വിജയിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ അർജന്റീനയുമായി കൈകോർക്കുമ്പോൾ, ആരാധകർക്കും ഉപഭോക്താക്കൾക്കും മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്ടിക്കാനാകുമെന്നും 2026 ലെ ലോകകപ്പിലേക്കുള്ള അർജന്റീന ടീമിനെ പിന്തുണയ്ക്കാൻ സാധിക്കുമെന്നും ഇന്റർനാഷണൽ വെൽത്ത് ആൻഡ് പ്രീമിയർ ബാങ്കിംഗ് എച്ച്എസ്ബിസി ഇന്ത്യ മേധാവി സന്ദീപ് ബത്ര പറഞ്ഞു:
എഎഫ്എ (അർജന്റീന ഫുട്ബോൾ അസോസിയേഷൻ)യുടെ അന്താരാഷ്ട്ര വികാസത്തിന് ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചുവെന്നും ഇന്ത്യയിലും സിംഗപ്പൂരിലും എച്ച്എസ്ബിസിയുമായി പുതിയ അവസരങ്ങൾ തുറക്കുന്നുവെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ഫാബിയൻ ടാപിയ പറഞ്ഞു. കരാർ ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് ഏറെ ആഹ്ലാദകരമാണെന്നും അർജന്റീന ദേശീയ ടീമിന്റെ പുതിയ പങ്കാളിയായി എച്ച്എസ്ബിസിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.