രണ്ട് ഇന്നിങ്‌സിലുമായി 528 റൺസ് പിറന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 46 റൺസിന് തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് 2025 ഐ.പി.എൽ സീസണിന് തുടക്കമിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇഷാൻ കിഷന്റെ (47 പന്തിൽ 106 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ 286 എന്ന കൂറ്റൻ സ്‌കോർ സ്വന്തമാക്കിയപ്പോൾ, രാജസ്ഥാന്റെ പോരാട്ടം ആറു വിക്കറ്റിന് 242 എന്ന നിലയിൽ അവസാനിച്ചു.
ഹൈദരാബാദ് നിരയിൽ ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ ഒരു ഘട്ടത്തിൽ പോലും രാജസ്ഥാൻ ബൗളർമാർക്ക് ആഹ്ലാദിക്കാൻ വകലഭിച്ചില്ല. ഓപണർമാരായ അഭിഷേക് ശർമയും (11 പന്തിൽ 24) ട്രാവിഡ് ഹെഡും (31 പന്തിൽ 67) തുടങ്ങിവച്ച വെടിക്കെട്ട് ഇഷാൻ കിഷനും നിതീഷ് കുമാർ റെഡ്ഡിയും (15 പന്തിൽ 30), ഹെന്റിക് ക്ലാസനും (14 പന്തിൽ 34) ഏറ്റെടുക്കുകയായിരുന്നു. രാജസ്ഥാന്റെ സ്റ്റാർ ബൗളർ ജോഫ്ര ആർച്ചർ നാല് ഓവറിൽ 76 റൺസ് വഴങ്ങി, ഐ.പി.എല്ലിലെ മോശം സ്‌പെൽ എന്ന നാണക്കേട് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്‌സ്വാളിനെയും (1) റയാൻ പരാഗിനെയും (4) പെട്ടെന്നു നഷ്ടമായ രാജസ്ഥാൻ സഞ്ജു സാംസൺ (37 പന്തിൽ 66), ധ്രുവ് ജുറേൽ (35 പന്തിൽ 70), ഷിംറോൺ ഹെറ്റ്‌മെയർ (23 പന്തിൽ 42), ശുഭം ദുബേ (11 പന്തിൽ 34) എന്നിവരിലൂടെ തിരിച്ചടിച്ചു നോക്കിയെങ്കിലും ലക്ഷ്യത്തിന് 46 റൺസ് അകലെ ഓവർ തീർന്നു.രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ സിമ്രജിത്ത് സിങ്ങും ഹർഷൽ പട്ടേലും ഹൈദരാബാദ് ബോളിങ്ങിൽ മികച്ചു നിന്നു.