ഗാസ – ഗാസ മുനമ്പില്‍ ഇന്നു പുലര്‍ച്ചെ ഇസ്രായില്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 356 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഡസന്‍ കണക്കിന് ആളുകളെ കാണാതായതായി ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഖൂത്ത് പറഞ്ഞു. ആക്രമണത്തില്‍ 440 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡസന്‍ കണക്കിനാളുകളുടെ പരിക്ക് ഗുരുതരമാണ്.
ഗാസ യുദ്ധം പുനരാരംഭിച്ചതിനെ ഇസ്രായിലി നേതാക്കള്‍ സ്വാഗതം ചെയ്തു. ബന്ദികളെ തിരികെ എത്തിക്കാത്തിടത്തോളം കാലം ഇസ്രായില്‍ ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു. ബന്ദികളെ തിരികെ കൊണ്ടുവരാത്തിടത്തോളം കാലവും മുഴുവന്‍ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കാത്തിടത്തോളം കാലവും ഞങ്ങള്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കാറ്റ്സ് പറഞ്ഞു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനു പുറമെ, ഹമാസിനെ ഇല്ലാതാക്കാനും ഇസ്രായില്‍ ആഗ്രഹിക്കുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ നിരവധി പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രായില്‍ സൈന്യം ഉത്തരവിട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ നടന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപത്തിലായിരിക്കും ഗാസയിലെ പുതിയ ആക്രമണങ്ങള്‍ എന്ന് ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. ഗാസയില്‍ യുദ്ധം പുനരാരംഭിച്ചതിനെ സ്‌മോട്രിച്ച് സ്വാഗതം ചെയ്തു. വാഗ്ദാനം ചെയ്തതുപോലെ, ഹമാസിനെ നശിപ്പിക്കുക, എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, ഇസ്രായില്‍ പൗരന്മാര്‍ക്ക് ഗാസ മുനമ്പ് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഗാസയില്‍ സൈന്യം വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചു – സ്‌മോട്രിച്ച് എക്‌സ് അക്കൗണ്ടില്‍ എഴുതി.