കൊച്ചി- മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള കിംവദന്തികൾ തള്ളി നടന്റെ പി.ആർ ടീം. 73 കാരനായ നടന് കാൻസർ ബാധിച്ചതായും സിനിമകളിൽ നിന്ന് ഇടവേള എടുക്കുന്നതായും നിരവധി കേന്ദ്രങ്ങളിൽനിന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും റമദാൻ വ്രതത്തിന്റെ ഇടവേളയിലാണ് മമ്മൂട്ടിയെന്നും നോമ്പിന് ശേഷം ഉടൻ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും പി.ആർ ടീം അറിയിച്ചു.
“ഇത് വ്യാജ വാർത്തയാണ്, റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം, മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് അദ്ദേഹം മടങ്ങിയെത്തും- പി.ആർ ടീം ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി.
മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ ആരംഭിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി മലയാള ചലച്ചിത്രമേഖലയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു സ്ക്രീനിൽ ഒന്നിച്ചു കൊണ്ടുവരുന്നുവെന്ന പ്രത്യേകതയുള്ള സിനിമയാണിത്. എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് സിനിമക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ഇരുവർക്കും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റർ ഈയടുത്ത് പുറത്തിറക്കിയിരുന്നു. 2023 ൽ പ്രഖ്യാപിച്ച ചിത്രം, നിർമ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കാരണം നിരവധി കാലതാമസങ്ങൾക്ക് ശേഷം 2025 ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ബസൂക്ക. ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, ഐശ്വര്യ മേനോൻ, നീത പിള്ള, ഗായത്രി അയ്യർ, മറ്റ് നിരവധി പ്രശസ്ത അഭിനേതാക്കൾ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ജനുവരി 23 ന് പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്റെ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ചിത്രമായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്.