ജിദ്ദ – രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകള്‍ക്ക് 1,60,000 റിയാല്‍ വരെ പിഴ ചുമത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി തീരുമാനം. വിദേശ ട്രക്കുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പട്ടിക അതോറിറ്റി അംഗീകരിച്ചു. ഇതനുസരിച്ച് സൗദിയില്‍ നിയമം ലംഘിച്ച് ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ട്രക്കുകള്‍ക്ക് വാണിംഗ് പിരീയഡ് നല്‍കില്ല.
ഇത്തരം ട്രക്കുകള്‍ക്ക് ആദ്യ തവണ 10,000 റിയാല്‍ പിഴ ചുമത്തി ലോറികള്‍ 15 ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമ ലംഘനം ആവര്‍ത്തിക്കുന്ന ലോറികള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തി ട്രക്കുകള്‍ 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കും. രണ്ടാമതും നിയമ ലംഘനം ആവര്‍ത്തിക്കുന്ന ട്രക്കുകള്‍ക്ക് 40,000 റിയാല്‍ പിഴ ചുമത്തി ലോറികള്‍ 60 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കും. മൂന്നാമതും നിയമ ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം 80,000 റിയാല്‍ പിഴയും 60 ദിവസത്തേക്ക് ട്രക്കുകള്‍ കസ്റ്റഡിയിലെടുക്കലുമാണ് ശിക്ഷ ലഭിക്കുക. അവസാന നിയമ ലംഘനം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ നാലാം തവണയും നിയമ ലംഘനം ആവര്‍ത്തിക്കുന്ന ട്രക്കുകള്‍ക്ക് 1,60,000 റിയാല്‍ പിഴ ചുമത്തി ലോറികള്‍ 60 ദിവസത്തേക്ക് കസ്റ്റഡിയില്‍ സൂക്ഷിക്കും.
അതേസമയം വാഹനങ്ങളിൽ, സുരക്ഷാ ഉപകരണങ്ങൾ സൂക്ഷിക്കേണ്ടതും ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കേണ്ടത് ടാക്‌സി സര്‍വീസ് ഉപയോക്താക്കളുടെ അവകാശങ്ങളില്‍ ഉള്‍പ്പെടുന്നതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. കാറിന്റെ ശുചിത്വം, അറ്റകുറ്റപ്പണി, ഓരോ യാത്രയിലും ടാക്‌സി മീറ്റര്‍ പ്രവര്‍ത്തിപ്പിക്കല്‍, ഇ-പെയ്‌മെന്റ് സൗകര്യം ഒരുക്കല്‍ എന്നിവയും ടാക്‌സി യാത്രക്കാരുടെ അവകാശങ്ങളാണ്.