സന്‍ആ – ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ വ്യാപകമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത് കവിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശാനുസരണം ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ കനത്ത ആക്രമണമാണ് അമേരിക്കന്‍ സൈന്യം നടത്തിയത്. ആക്രമണങ്ങള്‍ നിരവധി ദിവസം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടി ആയാണ് അമേരിക്കയുടെ പുതിയ ആക്രമണം.
ഹൂത്തികള്‍ക്കുള്ള പിന്തുണ ഉടന്‍ നിര്‍ത്തണമെന്ന് ഹൂത്തികളെ പ്രധാനമായും പിന്തുണക്കുന്ന ഇറാനോട് ട്രംപ് ആവശ്യപ്പെട്ടു. ജനുവരിയില്‍ ട്രംപ് അധികാരമേറ്റ ശേഷം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക നടപടിയാണ് ഹൂത്തികള്‍ക്കെതിരെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍. ആക്രമണങ്ങള്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ആണവ പദ്ധതിയെ ചൊല്ലി ഇറാനെ ചര്‍ച്ചക്ക് പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതിനും ഇതിന്റെ ഭാഗമായി ഇറാനെതിരായ ഉപരോധം അമേരിക്ക ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് ഹൂത്തികള്‍ക്കെതിരായ ശക്തമായ ആക്രമണത്തിന് അമേരിക്ക തുടക്കമിട്ടത്.
എല്ലാ ഹൂത്തി തീവ്രവാദികള്‍ക്കും, നിങ്ങളുടെ സമയം കഴിഞ്ഞു, നിങ്ങളുടെ ആക്രമണങ്ങള്‍ ഇന്ന് മുതല്‍ അവസാനിപ്പിക്കണം. അങ്ങിനെ ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെ നരകം നിങ്ങളുടെ മേല്‍ വര്‍ഷിക്കും – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ മാത്രം അമേരിക്കന്‍ ആക്രമണത്തില്‍ കുറഞ്ഞത് 13 സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്തര പ്രവിശ്യയായ സഅ്ദയില്‍ യു.എസ് നടത്തിയ ആക്രമണത്തില്‍ നാലു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളെ യുദ്ധക്കുറ്റം എന്ന് ഹൂത്തികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ വിശേഷിപ്പിച്ചു. ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ യെമന്‍ സായുധ സേന പൂര്‍ണമായും സുസജ്ജമാണ് -പൊളിറ്റിക്കല്‍ ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
ഹൂത്തി ശക്തികേന്ദ്രത്തിലെ കെട്ടിടത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സന്‍ആ നിവാസികള്‍ പറഞ്ഞു. സ്‌ഫോടനങ്ങള്‍ അതിശക്തമായിരുന്നു, ഭൂകമ്പം പോലെ പരിസരപ്രദേശങ്ങളെ അവ വിറപ്പിച്ചു. അവ ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി – സന്‍ആ നിവാസിയായ അബ്ദുല്ല യഹ്‌യ പറഞ്ഞു. സഅ്ദയിലെ ദഹ്‌യാന്‍ നഗരത്തിലെ പവര്‍ സ്റ്റേഷനില്‍ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ വൈദ്യുതി തടസ്സപ്പെട്ടതായി അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തി നേതാവായ അബ്ദുല്‍ മലിക് അല്‍ഹൂത്തി പലപ്പോഴും തന്റെ സന്ദര്‍ശകരെ കണ്ടുമുട്ടുന്ന സ്ഥലമാണ് ദഹ്‌യാന്‍.
കഴിഞ്ഞ പത്തു വര്‍ഷമായി യെമന്റെ ഭൂരിഭാഗവും സ്ഥലങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത സായുധ വിഭാഗമായ ഹൂത്തികള്‍ 2023 നവംബര്‍ മുതല്‍ യെമന്‍ തീരത്ത് നിരവധി കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തി. ഇത് ആഗോള വാണിജ്യത്തെ തടസ്സപ്പെടുത്തുകയും ഹൂത്തികളുടെ മിസൈലുകളും ഡ്രോണുകളും തടയുന്നതിന് അമേരിക്കന്‍ സൈന്യത്തെ ചെലവേറിയ ദൗത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. 2023 മുതല്‍ ഹൂത്തികള്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളെ 174 തവണയും വാണിജ്യ കപ്പലുകളെ 145 തവണയും ആക്രമിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. ഗാസ യുദ്ധത്തില്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് അമേരിക്കന്‍, ഇസ്രായില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറയുന്നു.
ഗാസ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാന്റെ മറ്റ് സഖ്യകക്ഷികളായ ഹമാസിനെയും ലെബനോനിലെ ഹിസ്ബുല്ലയെയും ഇസ്രായില്‍ ഗുരുതരമായി ദുര്‍ബലപ്പെടുത്തി. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിറിയയുടെ ബശാര്‍ അല്‍അസദിനെ ഡിസംബറില്‍ വിമതര്‍ അട്ടിമറിച്ചു. എന്നാല്‍ ഇക്കാലത്തുടനീളം യെമനിലെ ഹൂത്തികള്‍ സ്ഥിരത പുലര്‍ത്തുകയും പലപ്പോഴും ആക്രമണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഹൂത്തികള്‍ രണ്ട് കപ്പലുകള്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും കുറഞ്ഞത് നാലു നാവികരെയെങ്കിലും കൊലപ്പെടുത്തുകയും ആഗോള കപ്പല്‍ ഗതാഗതത്തെ തടസപ്പെടുത്തുകയും ചെയ്തു.
ഹൂത്തി ആക്രമണങ്ങള്‍ ദക്ഷിണ ആഫ്രിക്കക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടാന്‍ ഷിപ്പിംഗ് കമ്പനികളെ നിര്‍ബന്ധിതരാക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കപ്പലുകളെ ആക്രമിക്കാനുള്ള ഹൂത്തികളുടെ ശേഷി കുറക്കാന്‍ കുറക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഹൂത്തികള്‍ക്കെതിരായ അമേരിക്കന്‍ നടപടികള്‍ പരിമിതപ്പെടുത്തി. ഹൂത്തികള്‍ക്കു നേരെ കൂടുതല്‍ ആക്രമണാത്മക സമീപനത്തിന് ട്രംപ് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ചെങ്കടലിലുള്ള ഹാരി എസ്. ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങളാണ് ശനിയാഴ്ച ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യെമനെതിരെ കൂടുതല്‍ വിനാശകരമായ സൈനിക നടപടിയുടെ സാധ്യത ട്രംപ് സൂചിപ്പിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണം അനുവദിക്കില്ല. ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ ഞങ്ങള്‍ മാരകമായ ശക്തി പ്രയോഗിക്കും -ട്രംപ് പറഞ്ഞു.
ഇറാന്റെ വിദേശനയം നിര്‍ദേശിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അത് അവരുടെ ജോലിയല്ലെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഇസ്രായിലിന്റെ വംശഹത്യക്കും ഭീകരതക്കും പിന്തുണ അവസാനിപ്പിക്കുക. യെമന്‍ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക – ഇറാന്‍ വിദേശ മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ചെങ്കടല്‍, അറബിക്കടല്‍, ബാബ് അല്‍മന്ദബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഇസ്രായിലി കപ്പലുകള്‍ക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു.