മനാമ – ബഹ്റൈനില്‍ ആദ്യമായി തദ്ദേശീയമായി രൂപകല്‍പന ചെയ്ത് വികസിപ്പിച്ച ഉപഗ്രഹമായ ‘അൽ മുന്ദിർ’ വിജയകരമായി വിക്ഷേപിച്ചു. നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ബഹ്റൈന്റെ ബഹിരാകാശ നേട്ടങ്ങളിലെ നാഴികക്കല്ലാണ്. ഓണ്‍ബോര്‍ഡ് ഇമേജ് പ്രോസസ്സിംഗിനായി നിര്‍മിതബുദ്ധി സംയോജിപ്പിക്കുന്ന മധ്യപൗരസ്ത്യ മേഖലയിലെ ആദ്യത്തെ ഉപഗ്രഹമാണ് 3യു ക്യൂബ്സാറ്റ്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് ബഹിരാകാശ വിക്ഷേപണ സമുച്ചയത്തില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് അല്‍മുന്ദിറിന്റെ വിക്ഷേപണം നടന്നത്.
ബഹ്റൈന്റെ അല്‍മുന്ദിര്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ യാത്രയിലെ പ്രധാന നാഴികക്കല്ലാണെന്ന് നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി സി.ഇ.ഒ മുഹമ്മദ് ഇബ്രാഹിം അല്‍അസീരി പറഞ്ഞു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍-ഓര്‍ബിറ്റ് സിസ്റ്റം പരീക്ഷണത്തിനും വഴിയൊരുക്കി ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി സംഘത്തിന്റെ നേട്ടങ്ങളില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ പ്രതിഭകള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ച ശ്രദ്ധേയമായ ദേശീയ നേട്ടമാണ് അല്‍മുന്ദിര്‍. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ബഹിരാകാശ വ്യവസായത്തില്‍ മുദ്ര പതിപ്പിച്ചുകൊണ്ട് നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി ടീം ഉപഗ്രഹത്തിന്റെ പേലോഡുകള്‍ നവീകരിക്കുന്നതിലും രൂപകല്‍പന ചെയ്യുന്നതിലും നിര്‍മിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. പൂര്‍ണമായും ബഹ്റൈനികള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ച അല്‍മുന്ദിര്‍ സുപ്രധാന ദേശീയ നേട്ടമാണ്. ബഹിരാകാശ വ്യവസായ മേഖലയില്‍ ബഹ്റൈനെ മുന്‍നിരയില്‍ സ്ഥാപിക്കുക എന്ന രാജകീയ ദര്‍ശനത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഈ വിജയം പ്രതിഫലിപ്പിക്കുന്നു. ഇത് ദേശീയ വികസനത്തെയും ബഹ്റൈന്റെ സാമ്പത്തിക ദര്‍ശനം 2030, യു.എന്‍ സുസ്ഥിര വികസനം എന്നീ ലക്ഷ്യങ്ങളെയും പിന്തുണക്കുന്നതായും മുഹമ്മദ് ഇബ്രാഹിം അല്‍അസീരി പറഞ്ഞു.
ഭൗമനിരീക്ഷണ ക്യാമറ, സൈബര്‍ സുരക്ഷാ സംവിധാനം, ബഹ്റൈന്റെ ദേശീയഗാനവും ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവിന്റെ സന്ദേശവും പ്രക്ഷേപണം ചെയ്യുന്ന അതുല്യമായ പ്രക്ഷേപണ സംവിധാനം എന്നിവ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുന്നു. 550 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ ഇത് പ്രവര്‍ത്തിക്കും. ഉപഗ്രഹത്തിന് രണ്ട് വര്‍ഷത്തെ ആയുസ്സ് ആണ് പ്രതീക്ഷിക്കുന്നത്.
ഉപഗ്രഹവും അതിന്റെ പേലോഡുകളും കൈകാര്യം ചെയ്യാനായി സ്വദേശീയമായി പ്രവര്‍ത്തിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ സിസ്റ്റം വികസിപ്പിച്ചതാണ് അല്‍മുന്ദിര്‍ ദൗത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് എന്ന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേഷന്‍സ് മേധാവി റീം അബ്ദുല്ല സനാന്‍ പറഞ്ഞു. ഇത് ബഹിരാകാശ സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണത്തെ മുന്നോട്ട് കൊണ്ടുപോവുക മാത്രമല്ല, ഉപഗ്രഹ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്റെ സ്വയംഭരണാവകാശം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഡാറ്റ ശേഖരണം, പ്രോസസിംഗ്, ഭൂമിയിലേക്കുള്ള പ്രക്ഷേപണം എന്നിവയുള്‍പ്പെടെയുള്ള ജോലികള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സോഫ്റ്റ്വെയര്‍ ഉപഗ്രഹത്തെ പ്രാപ്തമാക്കുന്നു.
ബഹ്റൈനില്‍ സ്ഥാപിച്ച ഗ്രൗണ്ട് സ്റ്റേഷന്‍ അല്‍മുന്ദിറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ഉയര്‍ന്ന കൃത്യതയോടെ ഉപഗ്രഹം കൈകാര്യം ചെയ്യാനും ഭാവി ബഹിരാകാശ ദൗത്യങ്ങളെ പിന്തുണക്കാനും അതേ ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്വതന്ത്ര ഉപഗ്രഹങ്ങളില്‍ നിന്ന് പോലും ഡാറ്റ സ്വീകരിക്കാനും സ്റ്റേഷന്‍ ഞങ്ങളെ അനുവദിക്കും. ആശയവിനിമയ സംവിധാനം ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചും ശാസ്ത്രീയ പ്രവര്‍ത്തനങ്ങളുടെ ഘടനാപരമായ ആരംഭത്തിന് തുടക്കമിട്ടും വിക്ഷേപണത്തിനു ശേഷം ഉപഗ്രഹവും ഗ്രൗണ്ട് സ്റ്റേഷനും തമ്മിലുള്ള വിജയകരമായ പ്രാരംഭ സമ്പര്‍ക്കം ഒരു നിര്‍ണായക നിമിഷമായി അടയാളപ്പെടുത്തപ്പെടും – റീം അബ്ദുല്ല സനാന്‍ പറഞ്ഞു.