മദീന – ഹറംകാര്യ വകുപ്പ് പ്രവാചക പള്ളിയില്‍ ഒരുക്കിയ ശിശുപരിചരണ കേന്ദ്രങ്ങള്‍ (ചില്‍ഡ്രന്‍സ് നഴ്‌സറി സെന്റര്‍) ഇളംപ്രായത്തിലുള്ള കുട്ടികളുമായി മസ്ജിദുന്നബവിയിലെത്തുന്ന തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ ആശ്വാസമായി മാറുകയാണ്. വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനുള്ള ഹറംകാര്യ വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ശിശുപരിചരണ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെയും സന്ദര്‍ശകരുടെയും കുട്ടികള്‍ക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം ഈ കേന്ദ്രങ്ങള്‍ പ്രദാനം ചെയ്യുന്നു. പ്രവാചകന്റെ മാര്‍ഗനിര്‍ദേശങ്ങളും ഉന്നതമായ ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങളും പഠിപ്പിക്കുന്ന ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മാതാപിതാക്കള്‍ക്ക് സുരക്ഷിതമായും മനസ്സമാധാനത്തോടെയും ആരാധനയില്‍ മുഴുകാന്‍ അവസരമൊരുക്കി ഇളംപ്രായത്തിലുള്ള കുട്ടികള്‍ക്ക് നിരവധി സാംസ്‌കാരിക, വിദ്യാഭ്യാസ, വിനോദ പ്രവര്‍ത്തനങ്ങള്‍ ശിശുപരിചരണ കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

മസ്ജിദുന്നബവിയില്‍ ഇത്തരത്തില്‍ പെട്ട മൂന്നു ശിശുപരിചരണ കേന്ദ്രങ്ങളാണ് ഹറംകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെക്കുഭാഗത്തെ മുറ്റത്ത് 365, 366 നമ്പര്‍ ഗെയ്റ്റുകള്‍ക്ക് സമീപമുള്ള ശിശുപരിചരണ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. വടക്കുഭാഗത്തെ മുറ്റത്ത് 340, 339 നമ്പര്‍ ഗെയ്റ്റുകള്‍ക്കു സമീപമുള്ള കേന്ദ്രവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കിഴക്കുഭാഗത്തെ മുറ്റത്ത് 235-ാം നമ്പര്‍ ഗെയ്റ്റിനു സമീപമുള്ള ശിശുപരിചരണ കേന്ദ്രം ഉച്ചക്കു ശേഷം രണ്ടു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്.