ജിദ്ദ – രാജ്യാഭിമാനവും മാതൃരാജ്യത്തോടുള്ള ആദരവും പ്രകടിപ്പിച്ചും, ഏകദൈവവിശ്വാസത്തിന്റെ കൊടിക്കീഴില്‍ കൂറിന്റെയും വിശ്വസ്തതയുടെയും അര്‍ഥതലങ്ങള്‍ ശക്തമാക്കിയും സൗദി നിവാസികള്‍ സൗദി പതാകദിനം സമുചിതമായി ആചരിച്ചു. തെരുവുകളിലും പ്രധാന പാതകളിലും ചത്വരങ്ങളിലും പതിനായിരക്കണക്കിന് പതാകകള്‍ തൂക്കിയിരുന്നു. കൂറ്റന്‍ ബില്‍ബോര്‍ഡുകളിലും സൗദി പതാക പ്രദര്‍ശിപ്പിച്ചു. സര്‍ക്കാര്‍ വകുപ്പ് ആസ്ഥാനങ്ങളും മന്ദിരങ്ങളും ഹരിതവര്‍ണത്തില്‍ പ്രത്യേകം അലങ്കരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പതാകദിനാചരണത്തില്‍ പങ്കാളികളായി.
1937 മാര്‍ച്ച് 11 ന് ആണ് അബ്ദുല്‍ അസീസ് രാജാവ് സൗദി പതാകയുടെ രൂപത്തിന് അംഗീകാരം നല്‍കിയത്. ഏകദൈവവിശ്വാസത്തിന്റെയും ശക്തിയുടെയും അന്തസ്സിന്റെയും നീതിയുടെയും വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമാണ് സൗദി പതാക. സത്തയായ പച്ച നിറവും സത്യസാക്ഷ്യവാക്യവും നിലനിര്‍ത്തിക്കൊണ്ട് കാലാന്തരങ്ങളില്‍ രൂപകല്‍പനയില്‍ നിരവധി മാറ്റങ്ങള്‍ക്ക് പതാക വിധേയമായിട്ടുണ്ട്. ഉപയോഗവും അളവും നിയന്ത്രിക്കുന്ന ഏതാനും നിയമങ്ങളും മുന്‍കാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ചരിത്രത്തിലെ സുപ്രധാന ചരിത്ര നാളുകളോടുള്ള ഭരണാധികാരികളുടെ തീക്ഷ്ണതയും കരുതലും വ്യക്തമാക്കി, എല്ലാ വര്‍ഷവും മാര്‍ച്ച് 11 ന് സൗദി പതാകദിനമായി ആചരിക്കാന്‍ 2023 മാര്‍ച്ച് ഒന്നിനാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.
ഗവണ്‍മെന്റുകളോടുള്ള വെറുപ്പോ അവഹേളനമോ നിമിത്തം പരസ്യമായി സൗദി പതാകയും രാജകീയ പതാകയും തള്ളിയിടുന്നവര്‍ക്കും നശിപ്പിക്കുന്നവര്‍ക്കും പതാകയെ നിന്ദിക്കുന്നവര്‍ക്കും ഒരു വര്‍ഷം വരെ തടവും 3,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സൗദി അറേബ്യയുടെ മറ്റു എംബ്ലങ്ങളും വിദേശ രാജ്യങ്ങളുടെ പതാകകളും നിന്ദിക്കുന്നവര്‍ക്കും ഇതേ ശിക്ഷകള്‍ ലഭിക്കും. സൗദി പതാകകള്‍ ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ പാടില്ല. സത്യസാക്ഷ്യവാക്യം അടങ്ങിയ സൗദി പതാകകളും മറ്റു ഖുര്‍ആനിക സൂക്തങ്ങള്‍ അടങ്ങിയ പതാകകളും താഴ്ത്തിക്കെട്ടാന്‍ പാടില്ലെന്ന് ദേശീയ പതാക നിയമത്തിലെ 13-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

മൂന്നു നൂറ്റാണ്ടുകളായി സൗദി ഭരണകൂടം നടത്തുന്ന ഏകീകരണ ശ്രമങ്ങള്‍ക്ക് സൗദി പതാക സാക്ഷ്യം വഹിച്ചുവരുന്നു. രാജ്യത്തിന്റെ മഹത്വത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട്, ഐക്യവും യോജിപ്പും പ്രതിഫലിപ്പിച്ച് ഉയര്‍ന്നുനിന്നു കൊണ്ട്, ഒരിക്കലും താഴ്ത്താതെ, പതാക പാറിക്കളിച്ചുകൊണ്ടിരിക്കുന്നു. ആധികാരികത, ചരിത്രപരമായ ആഴം, സാംസ്‌കാരിക പൈതൃകം എന്നിവയില്‍ നിന്നാണ് സൗദി പതാകയുടെ സ്വത്വം ഉരുത്തിരിഞ്ഞത്.
എ.ഡി. 1727 ല്‍ സ്ഥാപിതമായ സൗദി രാഷ്ട്രത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ന് പതാക ദിനമായി ആചരിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. പതാകയുടെ മധ്യത്തിലുള്ള ഏകദൈവ വിശ്വാസത്തിന്റെ സത്യസാക്ഷ്യവാക്യം രാഷ്ട്രം സ്ഥാപിക്കപ്പെട്ട സമാധാനത്തിന്റെയും ഇസ്‌ലാമിന്റെയും സന്ദേശത്തെയാണ് പ്രതീകപ്പെടുത്തുന്നത്. പതാകയിലെ വാള്‍ ശക്തി, അഭിമാനം, ജ്ഞാനത്തിന്റെയും പദവിയുടെയും ഉന്നതി എന്നിവയെ പ്രതീകപ്പെടുത്തുന്നു.
രാഷ്ട്രം സ്ഥാപിച്ച് അതിന്റെ ഭൂമിയെ ഏകീകരിച്ച ആദ്യത്തെ സൗദി രാഷ്ട്രത്തിലെ ഇമാമുകള്‍ വഹിച്ചിരുന്ന ബാനറിലേക്കാണ് ദേശീയ പതാകയുടെ ചരിത്രം നീളുന്നത്. അക്കാലത്ത്, പട്ടും ബ്രോക്കേഡും കൊണ്ട് നിര്‍മിച്ച പച്ച നിറത്തിലുള്ള ബാനര്‍ ആയിരുന്നു അത്. അതില്‍ സത്യസാക്ഷ്യവാക്യം രേഖപ്പെടുത്തിയിരുന്നു. ഒന്നാം സൗദി രാഷ്ട്രത്തിന്റെ കാലഘട്ടം മുതല്‍ ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ കാലഘട്ടം വരെ ഇതേ മാനദണ്ഡങ്ങളോടെ സൗദി പതാക തുടര്‍ന്നു. അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് വിലങ്ങനെയുള്ള രണ്ട് വാളുകള്‍ പതാകയില്‍ ചേര്‍ത്തു. പിന്നീട് വിലങ്ങനെയുള്ള വാളുകള്‍ പതാകയില്‍ നിന്ന് നീക്കി പകരം പതാകയുടെ മുകള്‍ ഭാഗത്ത് വാള്‍ ചേര്‍ത്തു. ശൂറാ കൗണ്‍സില്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 1937 മാര്‍ച്ച് 11 ന് ആണ് ഇപ്പോഴത്തെ പോലെ പതാകയില്‍ സത്യസാക്ഷ്യവാക്യത്തിന് താഴെയായി വാള്‍ മാറ്റിയത്.
1973-ല്‍ പുറത്തിറക്കിയ പതാക നിയമം അനുസരിച്ച്, രാജ്യത്തിന്റെ പതാക ദീര്‍ഘചതുരാകൃതിയിലും നീളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന് തുല്യമായ വീതിയിലും ആയിരിക്കണമെന്നും നിറം പച്ചയായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. അതിന്റെ മധ്യത്തില്‍ സത്യസാക്ഷ്യവാക്യം ഉണ്ടായിരിക്കണം. അതിനു താഴെ പതാകയുടെ അടിയിലേക്ക് ചൂണ്ടുന്ന പിടിയുള്ള ഊരിയ വാള്‍ സമാന്തരമായിരിക്കണം. സത്യസാക്ഷ്യവാക്യവും വാളും വെള്ള നിറത്തില്‍ വരക്കണമെന്നും സത്യസാക്ഷ്യവാക്യം തുലുത്ത് ലിപിയില്‍ എഴുതണമെന്നും വ്യവസ്ഥയുണ്ട്.

പതാകയിലെ നിറങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ഥങ്ങളുണ്ട്. പച്ച നിറം വളര്‍ച്ചയെയും ഫലഭൂയിഷ്ഠതയെയും പ്രതീകപ്പെടുത്തുന്നു. വെള്ള നിറം സമാധാനത്തെയും വിശുദ്ധിയെയും പ്രതീകപ്പെടുത്തുന്നു. വാള്‍ നീതിയെയും സുരക്ഷയെയും പ്രതീകപ്പെടുത്തുന്നു. വാളിന്റെ ഈ പ്രതീകാത്മകതക്ക് അറബ് വേരുകളുണ്ട്. വാള്‍ അറബികള്‍ക്കിടയില്‍ കുലീനതയുടെയും ധീരതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
ദൈവത്തിന്റെ ഏകത്വത്തെയും ദൈവീക നിയമത്തിന്റെ പ്രയോഗത്തെയും സൗദി അറേബ്യ അതിന്റെ മൂന്ന് ഘട്ടങ്ങളില്‍ സ്ഥാപിക്കപ്പെടുകയും മുന്നോട്ട് പോകുകയും ചെയ്ത ശരിയായ സമീപനത്തെയും സത്യസാക്ഷ്യവാക്യം സ്ഥിരീകരിക്കുന്നു. മറ്റ് പതാകകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടില്ലാത്ത സവിശേഷ പതാകയാണ് സൗദി അറേബ്യയുടെത്. ദേശീയ പതാക രാജ്യത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുകയും വ്യക്തിത്വം പ്രകടമാക്കുകയും ചെയ്യുന്നു. പ്രത്യേക സവിശേഷതകള്‍ ലോക രാജ്യങ്ങളുടെ പതാകകളില്‍ നിന്ന് സൗദി പതാകയെ അതുല്യമാക്കുന്നു.
മരണപ്പെടുന്ന രാജാക്കന്മാരുടെയും നേതാക്കളുടെയും മൃതദേഹങ്ങളില്‍ സൗദി പതാകി പൊതിയുന്നില്ല. ദുഃഖകരമായ സന്ദര്‍ഭങ്ങളില്‍ പതാക താഴ്ത്തിക്കെട്ടുകയുമില്ല. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമ്പോള്‍ പ്രധാനപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ പതാക വണങ്ങില്ല. വ്യാപാരമുദ്രയായോ അതിന്റെ മഹത്വത്തെ ബാധിക്കുന്ന പരസ്യ ആവശ്യങ്ങള്‍ക്കോ സൗദി പതാക ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
മോശം അവസ്ഥയിലാണെങ്കില്‍ ദേശീയ പതാക ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. നിറം മങ്ങി കേടാകാന്‍ പോകുന്നുവെങ്കില്‍ പ്രത്യേക നടപടിക്രമ രീതിയില്‍ കത്തിക്കാന്‍ ഔദ്യോഗിക വകുപ്പുകള്‍ക്ക് കൈമാറുകയാണ് വേണ്ടത്. എന്തെങ്കിലും കെട്ടാനോ കൊണ്ടുപോകാനോ ഉള്ള ഉപകരണമായി പതാക ഉപയോഗിക്കരുത്. മൃഗങ്ങളുടെ ശരീരത്തില്‍ പതാക സ്ഥാപിക്കുന്നതും അച്ചടിക്കുന്നതും നിയമം വിലക്കുന്നു. ഉപയോഗശേഷം നശിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള വസ്തുക്കളില്‍ അച്ചടിക്കുന്നത് ഉള്‍പ്പെടെ പതാകയെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ രീതിയില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
കേടുവരുത്തുന്നതോ വൃത്തികേടാകുന്നതോ ആയ മോശം സ്ഥലത്ത് പതാക സൂക്ഷിക്കരുത്. അതില്‍ പദപ്രയോഗങ്ങളോ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ സ്ഥാപിക്കരുത്. പതാക ബലമായി ഉറപ്പിക്കുകയോ തൂണില്‍ വലിച്ചുകെട്ടുകയോ ചെയ്യരുത്. മറിച്ച് അത് എല്ലാപ്പോഴും നില്‍ക്കുകയും സ്വതന്ത്രമായി പാറിക്കളിക്കുകയും ചെയ്യുന്ന അവസ്ഥയിലാകണം. പതാകയുടെ അരികുകള്‍ അലങ്കരിക്കുകയോ അതില്‍ ഏതെങ്കിലും വിധത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യരുത്. ഒരു സാഹചര്യത്തിലും പതാക ഒരിക്കലും തലകീഴായി ഉയര്‍ത്താന്‍ പാടില്ല. ദേശീയ പതാകയും രാജകീയ പതാകയും അതിനെക്കാള്‍ താഴെയുള്ള ഒന്നിനെയും (ഭൂമി, ജലം, മേശ) സ്പര്‍ശിക്കാനും പാടില്ല.