ഗാസ – ഗാസയിലും വെസ്റ്റ് ബാങ്കിലും ഇന്ന് ഇസ്രായില്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഗാസക്ക് തെക്ക് അല്‍ശുഹദാ നാല്‍ക്കവലയില്‍ ഒരുകൂട്ടം ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണ ഗാസയില്‍ റഫ നഗരത്തിന് കിഴക്ക് അല്‍ശോക ഗ്രാമത്തില്‍ ഇസ്രായിലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഫലസ്തീനി വനിതയും വീരമൃത്യുവരിച്ചു. ഗാസയിലെ നെറ്റ്‌സാരിം പ്രദേശത്ത് ഇസ്രായില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഉത്തര വെസ്റ്റ് ബാങ്കിലെ ജെനീന്‍ നഗരത്തില്‍ ഇസ്രായിലി സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ജെനീനിലെ അല്‍ശര്‍ഖി ഡിസ്ട്രിക്ടില്‍ 58 വയസ് പ്രായമുള്ള ഫലസ്തീനി വനിതയും ഇസ്രായില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇന്ന് മരിച്ചു. ജെനീന്‍ നഗരത്തിലും ജെനീന്‍ അഭയാര്‍ഥി ക്യാമ്പിലും 50 ദിവസമായി ഇസ്രായില്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 31 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 48,503 ആയി ഉയര്‍ന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,11,927 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ നാലു മൃതദേഹങ്ങള്‍ ഗാസയിലെ ആശുപത്രികളിലെത്തി. പരിക്കേറ്റ 14 പേരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.