മക്ക: തീര്‍ഥാടകരുടെയും വിശ്വാസികളുടെയും ലഗേജുകള്‍ സൂക്ഷിക്കാന്‍ വിശുദ്ധ ഹറമില്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഹറംകാര്യ വകുപ്പ്. ഹറമിന്റെ പ്രധാന പ്രവേശന കവാടങ്ങളില്‍ വെച്ച് ലഗേജുകള്‍ അധികൃതര്‍ക്ക് കൈമാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഹറമിന്റെ മുറ്റങ്ങളില്‍ നേരത്തെ തന്നെ ലഗേജ് ലോക്കറുകളുണ്ട്. ലഗേജുകള്‍ ഇവിടെ എത്തിച്ച് കൈമാറുകയും ഇവിടെ നിന്നു തന്നെ സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇതിനു പുറമെയാണ് ഹറമിന്റെ പ്രധാന കവാടങ്ങളില്‍ വെച്ച് ലഗേജുകള്‍ എളുപ്പത്തില്‍ കൈമാറാന്‍ അടക്കം പുതിയ സൗകര്യമൊരുക്കിയിരിക്കുന്നത്. ഉംറ കര്‍മവും നമസ്‌കാരങ്ങളും അടക്കമുള്ള ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ സുരക്ഷിതമായി ലഗേജുകള്‍ സൂക്ഷിക്കാന്‍ പുതിയ സൗകര്യം വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു. ഹറം സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താന്‍ പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നു.
ലഗേജുകള്‍ കൈമാറാനും സ്വീകരിക്കാനുമുള്ള കേന്ദ്രങ്ങളുടെ സൗകര്യപ്രദമായ ലഭ്യത, ലഗേജ് സ്റ്റോറേജ് സെന്ററുകളിലും പ്രധാന കവാടങ്ങളിലെ കേന്ദ്രങ്ങളിലും വെച്ച് ലഗേജുകള്‍ അധികൃതര്‍ക്ക് കൈമാറാനുള്ള സൗകര്യം, സുരക്ഷിത രീതിയില്‍ ലഗേജുകള്‍ സൂക്ഷിക്കല്‍, ലഗേജ് ഉടമകള്‍ക്ക് അവ വേഗത്തിലും സുരക്ഷിതമായും സ്വീകരിക്കാന്‍ കഴിയുന്ന നിലക്ക് സ്മാര്‍ട്ട് ക്യു.ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഇലക്‌ട്രോണിക് ട്രാക്കിംഗ് സംവിധാനം എന്നിവ പുതിയ സേവനത്തിന്റെ സവിശേഷതകളാണ്. ലഗേജുകളുടെ തുടര്‍ച്ചയായ നിരീക്ഷണം, പരമാവധി സംരക്ഷണം ഉറപ്പാക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണ സംവിധാനമുള്ള ഷെല്‍ഫുകളില്‍ സൂക്ഷിക്കല്‍, കൃത്യമായ ഡാറ്റ പൊരുത്തപ്പെടല്‍ ഉറപ്പാക്കുന്ന കൃത്യവും വേഗത്തിലുമുള്ളതായ ഡെലിവറി സംവിധാനം എന്നിവയും പുതിയ സേവനത്തിന്റെ സവിശേഷതകളാണ്. ഇത് സേവന കാര്യക്ഷമത മെച്ചപ്പെടുത്താനും ഗുണഭോക്താക്കള്‍ക്ക് സുഗമമായ അനുഭവം നല്‍കാനും സഹായിക്കുന്നു.
ലഗേജ് രജിസ്റ്റര്‍ ചെയ്ത്, ഇലക്‌ട്രോണിക് രീതിയില്‍ ലഗേജ് ട്രാക്ക് ചെയ്യുന്നതിനുള്ള പ്രത്യേക കോഡ് അടങ്ങിയ സ്മാര്‍ട്ട് ബ്രേസ്‌ലെറ്റ് (വള) ഇഷ്യു ചെയ്ത് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഹറമിന്റെ പ്രധാന കവാടങ്ങളിലും ലഗേജ് സ്വീകരണ കേന്ദ്രങ്ങളിലും വെച്ച് അധികൃതര്‍ക്ക് കൈമാറുന്ന ലഗേജുകള്‍ പ്രത്യേക സ്റ്റോറേജ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക. സംഭരണ കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നു. ലഗേജുകളെ കുറിച്ച് ഓരോ നാലു മണിക്കൂറിലും അലെര്‍ട്ടുകള്‍ നല്‍കും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ ഒത്തുനോക്കി എളുപ്പത്തിലും സുരക്ഷിതമായും ലഗേജുകള്‍ തിരികെ സ്വീകരിക്കാന്‍ സാധിക്കും. വിശുദ്ധ റമദാനില്‍ ഹറമിന്റെ കിഴക്കു മുറ്റത്ത് ഹറം ലൈബ്രറിക്കു സമീപം 64-ാം നമ്പര്‍ ഗെയ്റ്റിന് എതിര്‍വശത്തും പടിഞ്ഞാറു മുറ്റത്തിന്റെ (അല്‍സുബൈക) പ്രവേശന കവാടത്തിലുമുള്ള ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഇവക്കു പുറമെ ഹറമിന്റെ പ്രധാനപ്പെട്ട ആറു കവാടങ്ങളിലും ലഗേജുകള്‍ തീര്‍ഥാടകരില്‍ നിന്ന് സ്വീകരിക്കുന്ന കേന്ദ്രങ്ങളുണ്ട്.