മലപ്പുറം- ഇന്ന് രാവിലെ മുതൽ വിവിധ വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തയായിരുന്നു മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കടുവയെ യുവാവ് ക്യാമറയിൽ പകർത്തി എന്നത്. കേരളത്തിലെ ഒട്ടുമിക്ക വാർത്താമാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ആ വാർത്തയുടെ നിജസ്ഥിതി പുറത്തുവന്നിരിക്കുകയാണ്. ജെറിൻ എബ്രഹാം മണിക്കപ്പറമ്പിൽ എന്നയാളാണ് കടുവയെ കണ്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നത്.
യുവാവ് പകർത്തി എന്ന് അവകാശപ്പെടുന്ന കടുവയുടെ ദൃശ്യം വിവിധ ചാനലുകൾ പ്രസിദ്ധീകരിച്ചിരുന്നു. താൻ ജീപ്പിൽനിന്ന് കടുവയുടെ ചിത്രം പകർത്തിയെന്നും കടുവ ഒരു മിനിറ്റിന് ശേഷം അവിടെനിന്ന് മാറിപ്പോയെന്നുമാണ് യുവാവ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവഴി പോകുമ്പോൾ കടുവയെ കണ്ടുവെന്നും വീഡിയോ മറ്റൊരിടത്ത് നിന്ന് എടുത്ത് എഡിറ്റ് ചെയ്തതാണെന്നും യുവാവ് പറഞ്ഞു.

തന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടിട്ട് ഒരു പത്ര ഏജന്റാണ് ഇത് വാർത്തയാക്കിയത് എന്നുമാണ് യുവാവ് പറയുന്നത്. അതേസമയം, ഇയാൾ ചാനലുകളുമായി സംസാരിക്കുമ്പോൾ വീഡിയോ താൻ തന്നെയാണ് പകർത്തിയത് എന്നും വിശദീകരിക്കുന്നുണ്ട്. താൻ കടുവയെ കണ്ടുവെന്നും പിന്നീട് കടുവ കുറച്ച് അപ്പുറത്തേക്ക് മാറിക്കിടന്നുവെന്നും ഇയാൾ പറയുന്നുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ നേരിട്ടെത്തി ചോദ്യം ചെയ്തു. താൻ കടുവയെ കണ്ടിട്ടില്ലെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും യുവാവ് സമ്മതിക്കുകയും ചെയ്തു. വ്യാജ വാർത്തകൾ നൽകി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണാണ് യുവാവ് ചെയ്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ടാപ്പിംഗ് തൊഴിലാളികൾ അടക്കമുള്ള നൂറു കണക്കിന് ആളുകളെ ഭീതിപ്പെടുത്തുകയാണ് ഇയാൾ ചെയ്തതെന്നും വനംവകുപ്പ് വ്യക്തമാക്കി. ഇയാൾക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.
2017 ലും 2016 ലും ഇയാൾ തന്റെ ഫെയ്സ്ബുക്ക് എക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. മറയൂർ വന്യജീവി സങ്കേതത്തിലെ ചാനലിൽ മൂന്നു വർഷം മുമ്പ് വന്ന കടുവയുടെ വീഡിയോ ആണ് ഇയാൾ ഇന്നലെ താൻ കണ്ടു എന്ന രീതിയിൽ എടുത്ത് സ്റ്റാറ്റസാക്കിയത്.