ദുബായ്: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയതോടെ ദുബായില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ മാച്ച് കാണാനുള്ള ടിക്കറ്റുകള്‍ ഓൺലൈനിൽ 40 മിനിറ്റു കൊണ്ട് വിറ്റു തീര്‍ന്നു. ടിക്കറ്റിനായി ഒരു മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ക്യൂവില്‍ നിന്ന ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് നിരാശരായത്. 12,000 ദിര്‍ഹം ചെലവുള്ള ഏറ്റവും ഉയര്‍ന്ന ക്ലാസായ സ്‌കൈ ബോക്‌സ് ടിക്കറ്റ് പോലും ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഇതോടെ ടിക്കറ്റുകള്‍ മറിച്ചു വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് ചാകരയായി. ആയിരത്തിലേറെ ഇരട്ടി വിലക്കാണ് ഇത്തരം സൈറ്റുകളിപ്പോള്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. റീ സെയില്‍ സൈറ്റായ വയാഗോഗോയില്‍ ഒരു സ്‌കൈബോക്‌സ് ടിക്കറ്റിന് ലിസ്റ്റ് ചെയ്ത നിരക്ക് 97,746 ദിര്‍ഹം ആണ്. യഥാര്‍ത്ഥ നിരക്കിനേക്കാള്‍ 714 ശതമാനം അധികം.

മറിച്ചു വില്‍പ്പനക്കാര്‍ കൂടിയ നിരക്കിനാണ് ടിക്കറ്റ് നിരക്ക് വില്‍ക്കുന്നതെങ്കിലും ഇവ വാങ്ങാന്‍ വാങ്ങാന്‍ ആരാധകരുടെ തള്ളിച്ചയാണെന്ന് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നു. റീ സെയില്‍ സൈറ്റുകളിലെല്ലാം വളരെ കുറവ് ടിക്കറ്റുകള്‍ മാത്രമെ വിറ്റുതീരാന്‍ ബാക്കിയുള്ളൂ. 250 ദിര്‍ഹം വിലയുള്ള ജനറല്‍ അഡ്മിഷന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ച്ടിക്കറ്റ് എന്ന വെബ്‌സൈറ്റ് 3000 ദിര്‍ഹമിനാണ് വില്‍ക്കുന്നത്. മറ്റൊരു വെബ്‌സൈറ്റായ ടികോംബോയിള്‍ ഒരു ടിക്കറ്റു പോലും കിട്ടാനില്ല. ഇവിടെ 11,000 ദിര്‍ഹം വരെ ഉയര്‍ന്ന നിരക്കിലാണ് ടിക്കറ്റുകള്‍ വിറ്റത്.
മാർച്ച് ഒമ്പതിനാണ് ഫൈനൽ. ന്യൂസീലൻഡ്-ദക്ഷിണാഫ്രിക്ക സെമിഫൈനലിലെ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും. ഓണ്‍ലൈന്‍ ടിക്കറ്റ് യുദ്ധത്തില്‍ നിരാശരായ ആരാധകര്‍ക്ക് ദുബായ് ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയം ബോക്‌സ് ഒഫീസില്‍ നേരിട്ടെത്തിയാല്‍ ടിക്കറ്റ് ലഭിക്കുമെന്നാണ് ഐസിസി പറയുന്നത്.