ജിദ്ദ – സൗദി അറേബ്യയിലേക്കുള്ള മോട്ടോര്‍സൈക്കിള്‍ ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം 43.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 88,060 ബൈക്കുകളാണ് ഇറക്കുമതി ചെയ്തത്. 2023 ല്‍ 61,260 ബൈക്കുകളാണ് ഇറക്കുമതി ചെയ്തിരുന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയുടെ വളര്‍ച്ച, പാഴ്സലുകളും ലഘു ഉല്‍പ്പന്നങ്ങളും നീക്കം ചെയ്യല്‍, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മേഖലയുടെ വികാസം എന്നിവ ബൈക്ക് ഇറക്കുമതി വര്‍ധിക്കാന്‍ ഇടയാക്കിയ ഘടകങ്ങളാണ്. ഈ മേഖലകളുടെ പ്രവര്‍ത്തനം ബൈക്ക് സേവനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം 25.97 കോടി റിയാലിന്റെ ബൈക്കുകള്‍ ഇറക്കുമതി ചെയ്തു. 2023 ല്‍ 25.85 കോടിയുടെ ബൈക്കുകളാണ് ഇറക്കുമതി ചെയ്തിരുന്നത്. വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ വിതരണം ചെയ്യല്‍ അടക്കം ലഘു ഗതാഗതത്തെ ആശ്രയിക്കുന്ന സാമ്പത്തിക മേഖലകളിലെ തുടര്‍ച്ചയായ വളര്‍ച്ചയാണ് മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതിയിലെ വര്‍ധനവ് പ്രതിഫലിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനായ ഡോ. ബന്ദര്‍ അല്‍സഹ്റാനി പറഞ്ഞു. സൗദി അറേബ്യയില്‍ പാഴ്സല്‍ ഡെലിവറി മേഖലയിലെ വികാസമാണ് മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതിയിലെ വളര്‍ച്ചക്ക് കാരണമെന്ന് ബൈക്ക് ഇറക്കുമതി മേഖലാ വിദഗ്ധന്‍ അഹ്മദ് അല്‍ഗാംദി പറഞ്ഞു.
2022 മുതല്‍ സൗദിയിലേക്കുള്ള മോട്ടോര്‍സൈക്കിള്‍ ഇറക്കുമതി തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ആകെ 18.92 കോടി റിയാല്‍ വിലവരുന്ന 31,367 മോട്ടോര്‍സൈക്കിളുകള്‍ ഇറക്കുമതി ചെയ്തു. ബൈക്ക് ഇറക്കുമതിയിലെ വളര്‍ച്ച ബൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിക്കാന്‍ കാരണമായി. ഇറക്കുമതി നിയന്ത്രിക്കാനും ഈ മേഖല കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും നിയന്ത്രണങ്ങള്‍ സഹായിച്ചു.
പ്രധാനമായും മോട്ടോര്‍ സൈക്കിളുകളെ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം വികസിച്ചതിന്റെ ഫലമായാണ് മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതിയില്‍ വര്‍ധനയുണ്ടായത്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയുണ്ടായതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നാലാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഇ-കൊമേഴ്സ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 10 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ഇ-കൊമേഴ്സ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ 40,953 ആയി ഉയര്‍ന്നു. 2023 അവസാനത്തില്‍ ഈ മേഖലയില്‍ 37,481 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണുണ്ടായിരുന്നത്. സൗദിയിലേക്കുള്ള മുന്തിയ മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതിയും സമീപ വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. യുവാക്കള്‍ക്കും ഡ്രൈവിംഗ് പ്രേമികള്‍ക്കും ഇടയില്‍ ഇവക്ക് പ്രചാരമുണ്ട്. ചില ലക്ഷ്വറി ബൈക്കുകള്‍ക്ക് മൂന്നര ലക്ഷത്തോളം റിയാല്‍ വിലയുണ്ട്.