മലപ്പുറം: സൗദി ഗവണ്‍മെന്റിന്റെയും സൗദി രാജാവിന്റെയും അതിഥികളായി റമദാനിൽ സൗദി സന്ദർശിക്കാനും ഉംറ നിർവഹിക്കാനും മൂന്നു മലയാളികൾക്ക് ക്ഷണം. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയും വിദ്യാഭ്യാസ സെക്രട്ടറിയുമായ നാസിർ ബാലുശ്ശേരി, വളവന്നൂർ അൻസാർ അറബിക് കോളേജ് മുന്‍ പ്രിന്‍സപ്പാലും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ പ്രൊഫ. എം. അബ്ദുല്ല സുല്ലമി, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് മുന്‍ പ്രിന്‍സിപ്പലും എടവണ്ണ ജാമിഅ നദവിയ്യ ശരീഅ കോളേജ് പ്രിൻസിപ്പലുമായ മുഹമ്മദ് അലി അൻസാരി എന്നിവർക്കാണ് ഗവ. അതിഥിയായി ഉംറ നിർവഹിക്കാൻ കേരളത്തിൽ നിന്നും ഈ വർഷം അവസരം ലഭിച്ചത്.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുക്കണക്കിന് വിശിഷ്ട വ്യക്തികൾക്ക് റമദാനില്‍ സൗദി സന്ദര്‍ശനത്തിനും ഉംറ നിര്‍വ്വഹിക്കാനും ക്ഷണം നൽകാറുണ്ട്. കേരളത്തിൽ നിന്ന് ഈ വർഷം മൂന്നു പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരി 25 ന് എംബസിയിൽ അംബാസഡറുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പ് നടക്കും. വിശുദ്ധ റമദാനിന്റെയും ഉംറയുടെയും ഭാഗമായി എത്തുന്ന അതിഥികൾക്ക് വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാവും.