ഗാസ – ഇസ്രായില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചകളായി പലായനം ചെയ്തവരുടെ ഉത്തര ഗാസയിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിക്കല്‍, ഗാസയുടെ വിവിധ പ്രദേശങ്ങളില്‍ അഭയാര്‍ഥികളെ ലക്ഷ്യം വെച്ച് ഷെല്ലാക്രമണവും വെടിവെപ്പും നടത്തല്‍, ധാരണയിലെത്തിയതു പോലെ എല്ലാ രൂപത്തിലുമുള്ള ദുരിതാശ്വാസ സാമഗ്രികള്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കല്‍ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങള്‍ ശത്രു നടത്തുകയും വെടിനിര്‍ത്തല്‍ കരാര്‍ നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.
അതേസമയം, ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള എല്ലാ ബാധ്യതകളും നിറവേറ്റി. ഇതനുസരിച്ച് അടുത്ത ശനിയാഴ്ച വിട്ടയക്കാന്‍ നിശ്ചയിച്ചിരുന്ന ഇസ്രായിലി ബന്ദികളുടെ കൈമാറ്റം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നീട്ടിവെക്കും. ഇസ്രായില്‍ പാലിക്കുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
അതേസമയം, ഗാസ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പദ്ധതി പ്രകാരം ഫലസ്തീനികള്‍ക്ക് ഗാസയിലേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഞാന്‍ അത് (ഗാസ) സ്വന്തമാക്കുമെന്നും പദ്ധതി പ്രകാരം ഗാസക്ക് പുറത്ത് ഫലസ്തീനികള്‍ക്ക് താമസിക്കാന്‍ ആറ് വ്യത്യസ്ത സ്ഥലങ്ങള്‍ ഉണ്ടാകാമെന്നും ട്രംപ് ഫോക്‌സ് ന്യൂസ് ചാനലിനോട് പറഞ്ഞു. ഇല്ല, അവര്‍ ഗാസയിലേക്ക് മടങ്ങില്ല. കാരണം അവര്‍ക്ക് കൂടുതല്‍ മികച്ച ഭവനങ്ങള്‍ ലഭിക്കും – ട്രംപ് പറഞ്ഞു.