- ട്രംപിന്റെ നിര്‍ദേശം ബോംബാണെന്ന് ഇസ്രായിലി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ്
ജിദ്ദ – ഗാസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള മോഹം നടക്കില്ലെന്നും ആ പരിപ്പ് വേകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ലോക രാജ്യങ്ങള്‍. ഗാസയിലെ ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളില്‍ ശാശ്വതമായി പുനരധിവസിപ്പിച്ച് ഗാസയെ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നിലക്ക് വികസിത കേന്ദ്രമാക്കി മാറ്റുമെന്നും ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ലോക രാജ്യങ്ങള്‍ ഒന്നടങ്കം തള്ളിക്കളഞ്ഞു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ലോക രാജ്യങ്ങള്‍ക്ക് ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ആശയം ട്രംപ് മുന്നോട്ടുവെച്ചത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ ഏറ്റവുമാദ്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയത് സൗദി അറേബ്യയാണ്. ട്രംപിന്റെ വിവാദ പുറത്തുവന്ന് 60 മിനിറ്റിനുള്ളില്‍ സൗദി വിദേശ മന്ത്രാലയം ഇക്കാര്യത്തിലുള്ള സൗദി അറേബ്യയുടെ ഉറച്ച നിലപാട് അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുകയും ട്രംപിന്റെ നിര്‍ദേശത്തെ ശക്തിയുക്തം തള്ളിക്കളയുകയും ചെയ്തു.
ട്രംപും നെതന്യാഹുവും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലെ മറ്റൊരു പ്രധാന കാര്യം സൗദി അറേബ്യയും ഇസ്രായിലും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി, 1967 ലെ അതിര്‍ത്തികളില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാതെ ഇസ്രായിലുമായി സൗദി അറേബ്യ ഒരുതരത്തിലുമുള്ള ബന്ധങ്ങളും സ്ഥാപിക്കാന്‍ തയാറല്ലെന്നും ഇക്കാര്യം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശൂറാ കൗണ്‍സില്‍ സെഷന്‍ ഉദ്ഘാടന ചടങ്ങിലടക്കം പലതവണ വ്യക്തമാക്കിയതാണെന്നും മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങളെയും നിലവിലെ അമേരിക്കന്‍ ഭരണകൂടത്തെയും ഇക്കാര്യം അറിയിച്ചതാണെന്നും സൗദി വിദേശ മന്ത്രാലയം പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രശ്‌നത്തിലുള്ള സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കും വിലപേശലകള്‍ക്കും അവസരമില്ല. സ്വന്തം നാട്ടില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഗാസ പിടിച്ചെടുക്കാനും ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്തിന് പുറത്തേക്ക് മാറ്റാനുമുള്ള ആഹ്വാനങ്ങളെ ശക്തമായി നിരാകരിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പലസ്തീന്‍ നേതൃത്വവും വ്യക്തമാക്കി.
ഫലസ്തീന്‍ ജനത അവരുടെ ഭൂമിയും അവകാശങ്ങളും പുണ്യസ്ഥലങ്ങളും ഉപേക്ഷിക്കില്ല. 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിനും കിഴക്കന്‍ ജറൂസലമിനുമൊപ്പം ഗാസ മുനമ്പും ഫലസ്തീന്‍ രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ഒരു ശ്രമവും ഞങ്ങള്‍ അനുവദിക്കില്ല. ഈ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പതിറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ആഹ്വാനങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനാവില്ല. ഫലസ്തീന്‍ ജനതയുടെ ഭാവി സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ മറ്റാര്‍ക്കും അവകാശമില്ല.
ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ ലംഘിക്കുന്നതിനെയും ഫലസ്തീനികളെ സ്വന്തം രാജ്യത്തു നിന്ന് കുടിയിറക്കുന്നതിനെയും നിരാകരിക്കുന്ന ഈജിപ്തിന്റെയും ജോര്‍ദാന്റെയും നിലപാടുകളെ ഫലസ്തീന്‍ പ്രസിഡന്റ് അഭിനന്ദിച്ചു. ഫലസ്തീനിലെ ജൂതകുടിയേറ്റം, ഫലസ്തീന്‍ ഭാഗങ്ങള്‍ ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍, ഫലസ്തീനികളെ സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കല്‍ എന്നിവ നിരാകരിക്കുകയും പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ നിലപാടിനെയും മഹ്മൂദ് അബ്ബാസ് അഭിനന്ദിച്ചു.
ഫലസ്തീന്‍ ജനതയും നേതാക്കളും അന്താരാഷ്ട്ര നിയമസാധുതയും അറബ് സമാധാന പദ്ധതിയും പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. യു.എന്‍ സെക്രട്ടറി ജനറലും യു.എന്‍ രക്ഷാ സമിതിയും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഫലസ്തീനികള്‍ക്കുള്ള പൂര്‍ണ പിന്തുണ ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവ് ആവര്‍ത്തിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള ഏതൊരു ശ്രമത്തെയും ജോര്‍ദാന്‍ നിരാകരിക്കുന്നു. അധിനിവിഷ്ട ഫലസ്തീനില്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞു. ഫലസ്തീനികളെ കുടിയിറക്കാനുള്ള ട്രംപിന്റെ നിര്‍ദേശം പൂര്‍ണമായും നിരാകരിക്കുന്നതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവും വ്യക്തമാക്കി.
ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഗാസയിലെ സംഭവവികാസങ്ങള്‍, വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കല്‍, തടവുകാരുടെ കൈമാറ്റം, മാനുഷിക സഹായ വിതരണം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്തു. 1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഏക പരിഹാരമെന്ന് ഇരുവരും പറഞ്ഞു.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഗാസ നിവാസികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച പദ്ധതി വളരെ ആശ്ചര്യകരമാണെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വിശേഷിപ്പിച്ചു. ഗാസയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമായിരിക്കുമെന്ന് ഫ്രഞ്ച് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ നിവാസികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് ഫലസ്തീനികളുടെ ന്യായമായ അഭിലാഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. ഇത് മേഖലയെ അസ്ഥിരപ്പെടുത്തും. ഗാസയുടെ ഭാവി ഒരു മൂന്നാം രാജ്യത്തിന്റെ നിയന്ത്രണത്തിലായിരിക്കരുത്.
മറിച്ച് ഫലസ്തീന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ഭാവി രാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര നിയമം ലംഘിക്കുന്ന ജൂതകുടിയേറ്റ കോളനി നിര്‍മാണങ്ങളെയും വെസ്റ്റ് ബാങ്കിനെ ഏകപക്ഷീയമായി പിടിച്ചെടുക്കാനുള്ള ശ്രമത്തെയും ഫ്രാന്‍സ് തുടര്‍ന്നും എതിര്‍ക്കുമെന്നും വിദേശ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികളുടെ മാതൃരാജ്യത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നുവെന്നും ഗാസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ അഭിവൃദ്ധി പ്രാപിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി പറഞ്ഞു.
ഗാസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത് പുതിയ ദുരിതങ്ങളിലേക്കും വിദ്വേഷത്തിലേക്കും നയിക്കുമെന്നും ജര്‍മന്‍ വിദേശ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. വെസ്റ്റ് ബാങ്കിനെയും കിഴക്കന്‍ ജറൂസലമിനെയും പോലെ ഗാസയും ഫലസ്തീനികളുടെതാണ്. ഫലസ്തീനികളെ അവഗണിക്കുന്ന ഒരു പരിഹാരവും ഉണ്ടാകരുത് – ജര്‍മന്‍ വിദേശ മന്ത്രി പറഞ്ഞു. ഗാസ മുനമ്പിന് പുറത്ത് ഫലസ്തീനികളെ പുനരധിവസിപ്പിക്കാനും യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ട്രംപിന്റെ നിര്‍ദേശം നിരര്‍ഥകമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ പറഞ്ഞു.
ഗാസയെ കുറിച്ച ട്രംപിന്റെ ആശയം നിരാകരിക്കുന്ന അറബ് നിലപാടാണ് റഷ്യക്കുള്ളതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് ഒരു ഒത്തുതീര്‍പ്പിന് അടിസ്ഥാനം ദ്വിരാഷ്ട്ര പരിഹാരമാണെന്നും ക്രെംലിന്‍ വക്താവ് പറഞ്ഞു. ഗാസ പിടിച്ചെടുക്കാനും ഫലസ്തീനികളെ അവരുടെ മാതൃരാജ്യത്തിന് പുറത്ത് മാറ്റിപ്പാര്‍പ്പിക്കാനുമുള്ള ആഹ്വാനങ്ങളെ ചൈന എതിര്‍ക്കുന്നതായി ചൈനീസ് വിദേശ മന്ത്രാലയം പറഞ്ഞു. ഗാസ വെടിനിര്‍ത്തലും സംഘര്‍ഷാനന്തര മാനേജ്മെന്റും, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഫലസ്തീന്‍ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരം വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാനുള്ള അവസരമായി എല്ലാ കക്ഷികളും പരിഗണിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായും ഗാസയിലെ ഫലസ്തീനികളെ പുറത്താക്കുന്നതിനെ ചൈന എതിര്‍ക്കുന്നതായും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ലിന്‍ സിയാങ് പറഞ്ഞു.

അടുത്തടുത്തായി വര്‍ത്തിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഏക പരിഹാരമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ന്യൂസിലന്‍ഡ് വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു. ട്രംപിന്റെ നിര്‍ദേശത്തിലുള്ള കടുത്ത എതിര്‍പ്പ് തുര്‍ക്കിയും പ്രകടിപ്പിച്ചു.
ലോക രാജ്യങ്ങളില്‍ മാത്രമല്ല, അമേരിക്കയിലും ട്രംപിന്റെ നിര്‍ദേശം വലിയ എതിര്‍പ്പ് വിളിച്ചുവരുത്തി. ട്രംപിന്റെ നിര്‍ദേശം ഭ്രാന്തന്‍ പദ്ധതിയാണെന്നും പതിറ്റാണ്ടുകളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിലേക്ക് ഇത് നയിച്ചേക്കുമെന്നും ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു. ഫലസ്തീനികള്‍ എവിടേക്കും പോകുന്നില്ല, ട്രംപ് വംശീയ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് ഫലസ്തീന്‍-അമേരിക്കന്‍ വംശജയായ ഡെമോക്രാറ്റിക് പ്രതിനിധി റശീദ തലൈബ് പറഞ്ഞു.
വാഷിംഗ്ടണില്‍ ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയോടനുബന്ധിച്ച്, അമേരിക്കന്‍ തലസ്ഥാനം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഗാസ നിവാസികളെ കുടിയിറക്കാനുള്ള പദ്ധതിയെ നിരാകരിച്ച് അധിനിവേശത്തെ എതിര്‍ക്കുന്ന ജൂതന്മാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രകടനക്കാര്‍ തെരുവുകളിലിറങ്ങി. ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ബാനറുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
ഗാസയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ ധീരമായ പദ്ധതിയാണ് ട്രംപ് പ്രഖ്യാപിച്ചതെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി. ഗാസ നിവാസികളെ നാടുകടത്താനുള്ള ട്രംപിന്റെ പദ്ധതിക്ക് റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ വ്യാപകമായ പിന്തുണയുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ട്രംപിന്റെ നിര്‍ദേശം ബോംബ് ആണെന്ന് ഇസ്രായിലി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ് വിശേഷിപ്പിച്ചു.
.