റാമല്ല – വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായില്‍ സൈന്യം സ്‌ഫോടനത്തിലൂടെ തകര്‍ത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് രണ്ടു ദിവസത്തിനു ശേഷം രണ്ടു കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ കേട്ടതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ശ്രമകരമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. കുട്ടികളുടെ മാതാവിനെയും കാണാതായ മറ്റൊരു കുട്ടിയെയും കണ്ടെത്താന്‍ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീവ്രവാദികള്‍ ഉപയോഗിക്കുന്നുവെന്ന വ്യാജേന ഞായറാഴ്ച ജെനിനില്‍ ഇസ്രായില്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ത്തിരുന്നു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഫലസ്തീന്‍ കുടുംബങ്ങളുടെ പലായനത്തിന് കാരണമായി. കഴിഞ്ഞ ഡിസംബര്‍ മുതലുള്ള ഇസ്രായിലി സൈനിക നടപടികള്‍ കാരണം 5,500 ഫലസ്തീന്‍ കുടുംബങ്ങള്‍ പലായനം ചെയ്തതായി ഫലസ്തീന്‍, യു.എന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ കുടുംബങ്ങളും പലായനം ചെയ്തത് ജെനിന്‍, തുല്‍കറം അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നാണ്.
തുല്‍കറം അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് 2,450 നും 3,000 നും ഇടയില്‍ കുടുംബങ്ങള്‍ പലായനം ചെയ്തതായി യു.എന്‍ റിലീഫ് ഏജന്‍സി വക്താവ് ജോനാഥന്‍ ഫൗളര്‍ പറഞ്ഞു. എന്നാല്‍ അഭയാര്‍ഥി ക്യാമ്പിലെ 15,000 ഓളം വരുന്ന നിവാസികളില്‍ 80 ശതമാനം പേരും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതായി ക്യാമ്പിലെ ജനകീയ കമ്മിറ്റി തലവന്‍ ഫൈസല്‍ സലാമ പറഞ്ഞു. പലയാനം ചെയ്തവരുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ ശേഖരിക്കല്‍ അഭയാര്‍ഥി ക്യാമ്പിലെ സംഘര്‍ഷഭരിതമായ സുരക്ഷാ സാഹചര്യം കാരണം ബുദ്ധിമുട്ടാണെന്ന് ഫൈസല്‍ സലാമയും ജോനാഥന്‍ ഫൗളറും പറഞ്ഞു. തുല്‍കറം അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് പലായനം ചെയ്തവര്‍ തുല്‍കറമിന്റെ പ്രാന്തപ്രദേശങ്ങളിലും നഗരത്തില്‍ തന്നെയുമാണ് കഴിയുന്നത്.