സന്‍ആ – ഇസ്രായിലി ചരക്കു കപ്പല്‍ ഗാലക്‌സി ലീഡറിലെ ജീവനക്കാരെ പതിനാലു മാസത്തിനു ശേഷം യെമനിലെ ഹൂത്തികള്‍ വിട്ടയച്ചു. കപ്പല്‍ ജീവനക്കാരെ ഒമാന് കൈമാറിയതായി ഹൂത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ വെച്ച് ഇസ്രായിലി ചരക്ക് കപ്പല്‍ പിടിച്ചെടുത്തതായി 2023 നവംബര്‍ 19 നാണ് ഹൂത്തികള്‍ അറിയിച്ചത്. ഹൂത്തി സൈനികര്‍ ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങുന്നതും സൈന്യം കപ്പലില്‍ നാലുഭാഗത്തും നിലയുറപ്പിക്കുന്നതും തുടര്‍ന്ന് കമാന്‍ഡ് റൂമിലേക്ക് ഇരച്ചു കയറുന്നതും ജീവനക്കാര്‍ കീഴടങ്ങുന്നതും കാണിക്കുന്ന ദൃശ്യങ്ങള്‍ ഹൂത്തി മാധ്യമങ്ങള്‍ അന്നേ ദിവസം സംപ്രേഷണം ചെയ്തിരുന്നു.
ഹൂത്തികള്‍ കപ്പല്‍ പിന്നീട് യെമന്‍ തീരത്തേക്ക് കൊണ്ടുപോയി. പശ്ചിമ യെമനിലെ അല്‍ഹുദൈദ തുറമുഖത്തിന് 50 മൈല്‍ പടിഞ്ഞാറ് വെച്ചാണ് ഇസ്രായിലി കപ്പല്‍ ഹൂത്തികള്‍ തട്ടിക്കൊണ്ടുപോയതെന്ന് യു.എസ് നാവികസേന അറിയിച്ചിരുന്നു. കപ്പല്‍ തിരിച്ചുപിടിക്കാന്‍ അമേരിക്ക സൈനിക ഓപ്പറേഷന്‍ നടത്തിയേക്കുമെന്ന് ഭയന്ന ഹൂത്തികള്‍ കപ്പലിന് ശക്തമായ സൈനിക സുരക്ഷ ഒരുക്കിയിരുന്നു. കപ്പല്‍ ശാശ്വതമായി സംരക്ഷിക്കാന്‍ ശ്രമിച്ച് ഗാലക്‌സി ലീഡറിനു സമീപം ഹൂത്തി യുദ്ധക്കപ്പലും നാവിക ബോട്ടും ഉള്ളതായി കാണിക്കുന്ന ഒരു ഉപഗ്രഹ ചിത്രം ആ സമയത്ത് അമേരിക്കന്‍ സര്‍ക്കാരിതര കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ടിരുന്നു.
ഇസ്രായിലി കോടീശ്വരനായ എബ്രഹാം ഉന്‍ഗറിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള ജാപ്പനീസ് ചരക്ക് കപ്പല്‍ ഗാലക്‌സി ലീഡര്‍ ഫലസ്തീനെ പിന്തുണച്ച് ഹൂത്തികള്‍ ചെങ്കടലില്‍ വെച്ച് പിടിച്ചെടുത്ത് അല്‍ഹുദൈദ ഗവര്‍ണറേറ്റിന്റെ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്രായിലിനും ഹമാസിനുമിടയില്‍ വിനാശകരമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള പിന്തുണയെന്നോണം 2023 നവംബര്‍ മുതല്‍ യെമനില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഇസ്രായിലി, പശ്ചാത്യ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം അഴിച്ചുവിട്ടു.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ തെല്‍അവീവിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിടുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തെല്‍അവീവില്‍ ഒരു ഇസ്രായിലി സിവിലിയന്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി, അമേരിക്കന്‍, ബ്രിട്ടീഷ് സേനകളുടെ സഹായത്തോടെ ഇസ്രായില്‍ യെമന്റെ പശ്ചിമ തീരദേശ പ്രവിശ്യയായ അല്‍ ഹുദൈദയില്‍ പ്രതികാര ആക്രമണം നടത്തിയിരുന്നു.