വാഷിങ്ടന്‍. യുഎസ്എയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റ ഡൊനള്‍ഡ് ട്രംപ് ആദ്യമായി ഒപ്പിട്ട ഉത്തരവുകള്‍ വിഷയ വൈവിധ്യം കൊണ്ട് വേറിട്ടു നില്‍ക്കുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം ഉള്‍പ്പെടെ പലതും വലിയ ചര്‍ച്ചയുമായിട്ടുണ്ട്. ആദ്യ ദിനം ഒപ്പിട്ട ഉത്തരവുകളുടെ എണ്ണത്തിലും റെക്കോര്‍ഡാണ്.
2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ തോല്‍വിക്കു പിന്നാലെ ഉണ്ടായ യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തില്‍ പങ്കെടുത്തതിന് കേസില്‍ കുടുങ്ങിയ തന്റെ 1500 അനുയായികള്‍ക്ക് മാപ്പ് നല്‍കുന്നതായിരുന്നു ഉത്തരവുകളിലൊന്ന്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് വന്‍തോതില്‍ യുഎസ് സഹായം നല്‍കുന്നുണ്ടെന്നും ചൈന പോലും ഇത്ര നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇത് അവസാനിപ്പിക്കുന്ന ഉത്തരവാണ് മറ്റൊന്ന്.
ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കരുടെ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുന്ന ഉത്തരവിലും ഒപ്പിട്ടു. ഇനി എ്ല്ലാവരും ഓഫീസിലെത്തണമെന്നാണ് തിട്ടൂരം. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും ലോകത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആഗോളതലത്തില്‍ ഉറപ്പാക്കുന്ന പാരിസ് പരിസ്ഥിതി ഉടമ്പടിയില്‍ നിന്നും യുഎസ് പിന്‍മാറുന്ന പ്രഖ്യാപനമാണ് മറ്റൊരു ഉത്തരവ്.
വിദേശികളുടെ കുടിയേറ്റത്തിനും അഭയം നല്‍കുന്നതിനും പുതിയ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. യുഎസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കും. പൗരത്വം ജന്മാവകാശമായി ലഭിക്കുന്ന സമ്പ്രദായവും നിര്‍ത്തലാക്കും. തെക്കന്‍ അതിര്‍ത്തിയല്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ത്രിയും പുരുഷനുമല്ലാത്ത മറ്റെല്ലാ ഭിന്നലിംഗ വിഭാഗങ്ങളേയും അംഗീകരിക്കുന്ന ഉത്തരവുകളെല്ലാം പിന്‍വലിച്ചു. രണ്ടു വിഭാഗങ്ങളെ മാത്രെ അംഗീകരിക്കൂവെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ടിക്ടോക്കിന് നിരോധനം നടപ്പിലാക്കുന്നതിന് 75 ദിവസത്തെ സാവകാശം നല്‍കുന്നതാണ് ട്രംപിന്റെ മറ്റൊരു ഉത്തരവ്. ഇതോടെ ടിക്ടോക് യുഎസില്‍ വീണ്ടും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ കയ്യേറ്റം നടത്തി ഫലസ്തീനികളെ ആക്രമിച്ച ഇസ്രായിലി കയ്യേറ്റക്കാര്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധവും ട്രംപ് പുതിയ ഉത്തരവിലൂടെ നീക്കി. തീവ്രവാദ രാഷ്ട്രങ്ങളുടെ കരിമ്പട്ടികയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയെ നീക്കം ചെയ്തതായും ട്രംപ് ഉത്തരവിട്ടു.