ഗാസ – ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ശനിയാഴ്ച നാലു ഇസ്രായിലി വനിതാ ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ താഹിര്‍ അല്‍നുനു പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിനു കീഴിലുള്ള രണ്ടാമത്തെ ബന്ദി കൈമാറ്റമാണിത്. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള തടവുകാരുടെ കൈമാറ്റത്തിന്റെ ഭാഗമായി, ഇസ്രായിലികളെ കൊലപ്പെടുത്തിയ ആക്രമണങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 230 ലേറെ ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് ശേഷം നാടുകടത്തും. ഞായറാഴ്ച ആരംഭിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് പറഞ്ഞ 737 ഫലസ്തീനി തടവുകാരില്‍ 734 പേരുടെ പട്ടിക ഇസ്രായില്‍ ഇന്ന് പ്രസിദ്ധീകരിച്ചു.
പട്ടിക പ്രകാരം ഇസ്രായിലികള്‍ക്കെതിരെ മാരകമായ ആക്രമണങ്ങള്‍ നടത്തിയതിനോ അതില്‍ പങ്കെടുത്തതിനോ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 230 ലേറെ ഫലസ്തീനികളെ സ്ഥിരമായി നാടുകടത്തും. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ കസ്റ്റഡിയിലെടുത്ത ആയിരത്തിലേറെ ഫലസ്തീനികളെയും 42 ദിവസം നീണ്ടുനില്‍ക്കുന്ന പ്രാരംഭ വെടിനിര്‍ത്തല്‍ ഘട്ടത്തില്‍ വിട്ടയക്കും.
കരാറിന്റെ ആദ്യ ഘട്ടത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 296 പലസ്തീനികളെ വിട്ടയക്കാന്‍ ഇസ്രായില്‍ സമ്മതിച്ചതായി ചര്‍ച്ചകളില്‍ പങ്കെടുത്ത രണ്ട് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു. ഇക്കൂട്ടത്തില്‍ 236 പേരെ മോചിപ്പിച്ച ഉടന്‍ തന്നെ ഖത്തറിലേക്കോ തുര്‍ക്കിയിലേക്കോ നാടുകടത്തും. കരാറിന്റെ ആദ്യ ഘട്ടത്തില്‍, ഗാസയില്‍ തടവിലാക്കപ്പെട്ട 33 ഇസ്രായിലി ബന്ദികളെ തിരികെ നല്‍കുന്നതിന് പകരമായി ഏകദേശം 1,900 ഫലസ്തീനികളെ വിട്ടയക്കാനാണ് തീരുമാനം. ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കാനും സ്ഥിരമായ ഒരു വെടിനിര്‍ത്തലിനും ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന 91 ഇസ്രായിലി, വിദേശ ബന്ദികളെ വിട്ടയക്കാനും അടിത്തറ പാകാന്‍ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസയില്‍ ശേഷിക്കുന്ന ബന്ദികളില്‍ 34 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി ഇസ്രായില്‍ സൈന്യം പറയുന്നു. കരാറിന്റെ ഭാഗമായി ഞായറാഴ്ച മൂന്ന് വനിതാ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു.
അതേസമയം, ഗാസയിലെ ഏതാനും പ്രദേശങ്ങളില്‍ ഇപ്പോഴും തങ്ങുന്ന ഇസ്രായിലി സൈനികരുടെ സമീപത്തേക്ക് പോകുന്നതിനെതിരെ ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ ഗാസ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഞായറാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഫലസ്തീനികള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയും, തകര്‍ന്ന് തരിപ്പണമായ വീടുകളില്‍ നിന്ന് ഉപയോഗയോഗ്യമായി ബാക്കിയായ വസ്തുക്കള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ഇസ്രായിലിന്റെ പുതിയ മുന്നറിയിപ്പ്.
ഗാസ സമ്പൂർണ്ണ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്രായില്‍ സൈന്യത്തെ ക്രമേണ പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വെടിനിര്‍ത്തല്‍ കരാറിന് അനുസൃതമായി, ഗാസയിലെ നിരവധി പ്രദേശങ്ങളില്‍ ഇപ്പോഴും സൈനിക സാന്നിധ്യമുണ്ട്. ഗാസയുടെ തെക്കു നിന്ന് വടക്കോട്ടും നെറ്റ്‌സാരിമിലേക്കും നീങ്ങുന്നത് അപകടകരമാണെന്ന് സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഗാസയിലെ ബഫര്‍ സോണുകളിലേക്കും തെക്കന്‍ ഗാസയില്‍ ഈജിപ്തിന്റെ അതിര്‍ത്തിയിലുള്ള റഫ ക്രോസിംഗിലേക്കും ഫിലാഡല്‍ഫി കോറിഡോറിലേക്കും അടുക്കരുത്. ഗാസക്ക് സമീപമുള്ള കടലില്‍ മീന്‍ പിടിക്കുകയോ നീന്തുകയോ ചെയ്യുന്നത് ഇപ്പോഴും അപകടകരമാണ്. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഗാസ നിവാസികള്‍ കടലിനടുത്തേക്ക് വരരുത്. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്ന പക്ഷം ഉത്തര ഗാസ നിവാസികള്‍ക്ക് അടുത്ത ആഴ്ച തങ്ങളുടെ പ്രദേശങ്ങളില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.