ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും ഓരോ സ്ഥാപനങ്ങളും പിടിച്ചടക്കിയിരിക്കുകയാണെന്നും ഇപ്പോഴത്തെ പോരാട്ടം ബിജെപിക്കും ആര്‍എസ്എസിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരെ ആണെന്നും പറഞ്ഞതിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു. ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനുവരി 15ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ചടങ്ങലായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
രാജ്യത്തിന്റെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ അപകടപ്പെടുത്തുന്നുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൊഞ്ജിത് ഛേതിയ എന്നയാള്‍ നല്കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 152, 197(1)ഡി വകുപ്പുകള്‍ പ്രകാരമാണ് കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അനുവദനീയ സീമകള്‍ ലംഘിക്കുന്നതും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമാണ് രാഹുലിന്റെ വാക്കുകളെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയാണ് പോരാട്ടം എന്ന പ്രസ്താവനയിലൂടെ രാഹുല്‍ പൊതുജനത്തെ ഇളക്കിവിടാനും സംഘര്‍ഷമുണ്ടാക്കാനും മനപ്പൂര്‍വ്വം പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.