ദോഹ – ഇരുപത്തിനാലു മണിക്കൂര്‍ നീണ്ട കാലതാമസത്തിനുശേഷം ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായിലും ഹമാസും അമേരിക്കയും ഖത്തറും ഇന്ന് (വെള്ളിയാഴ്ച) ദോഹയില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു. ഗാസയിലെ ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിലെത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസിനെയും ഇസ്രായിലിനെയും അമേരിക്കയെയും ഖത്തറിനെയും പ്രതിനിധീകരിച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത സംഘങ്ങളാണ് കരാറില്‍ ഔദ്യോഗികമായി ഒപ്പുവച്ചത്.
ഞായറാഴ്ച രാവിലെ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. കരാര്‍ അംഗീകരിക്കാനായി മിനി സെക്യൂരിറ്റി ഗവണ്‍മെന്റ് യോഗം ചേരുമെന്നും തുടര്‍ന്ന് സര്‍ക്കാര്‍ യോഗം ചേരുമെന്നും യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനും തട്ടിക്കൊണ്ടുപോയ എല്ലാവരെയും തിരികെ കൊണ്ടുവരാനും ഇസ്രായില്‍ പ്രതിജ്ഞാബദ്ധമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ബന്ദികള്‍ തിരിച്ചെത്തുമ്പോള്‍ സ്വീകരിക്കാന്‍ തയാറെടുപ്പുകള്‍ നടത്താന്‍ ബന്ധപ്പെട്ടവരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചതായും വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനെ കുറിച്ച് ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ചതായും നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ ഭേദഗതികള്‍ വരുത്തിയതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. എല്ലാ കക്ഷികളും കരാറില്‍ ഒപ്പുവെച്ചതായും അറിയിപ്പിൽ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ മറികടന്നാണ് ഇസ്രായില്‍ പ്രതിനിധി സംഘം ദോഹ വിട്ടതെന്നും, മധ്യസ്ഥരുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ കരാര്‍ ഏതാണ്ട് തകരുമായിരുന്നെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. തലമുതിര്‍ന്ന ഫലസ്തീനി തടവുകാരെ വിട്ടയക്കുന്നതുമായി സംബന്ധിച്ച ഹമാസിന്റെ ആവശ്യങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് മാറ്റിവെക്കാന്‍ ധാരണയായിട്ടുണ്ട്.
ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം മുതല്‍ ഇസ്രായില്‍ ഗാസയിലെ ആക്രമണങ്ങള്‍ കുറക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കരാര്‍ നടപ്പാക്കുന്നത് ഏകോപിപ്പിക്കാനായി ഇസ്രായിലി പ്രതിനിധി സംഘം ഇന്ന് (വെള്ളിയാഴ്ച) കയ്റോയിലേക്ക് പോകുന്നുണ്ടെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അംഗീകാരത്തിനായി കരാര്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കരാര്‍ അംഗീകരിക്കുന്ന കാര്യത്തില്‍ വോട്ടെടുപ്പ് നീട്ടിവെക്കുന്നത് വെടിനിര്‍ത്തലിന്റെ ആരംഭവും ആദ്യത്തെ മൂന്ന് ബന്ദികളെ വിട്ടയക്കുന്നതും ഞായറാഴ്ചയില്‍ നിന്ന് തിങ്കളാഴ്ചയിലേക്ക് വൈകിപ്പിക്കുമെന്ന് ഇസ്രായിലി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളുടെ ആദ്യ ബാച്ചിന്റെ തിരിച്ചുവരവ് ഞായറാഴ്ചയായിരിക്കുമെന്നും ബന്ദികളെ എത്രയും വേഗം തിരികെ കൊണ്ടുവരാന്‍ ഇസ്രായില്‍ പ്രവര്‍ത്തിക്കുമെന്നും ഇസ്രായിലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍അറബിയ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ ഭാഗമായി വിട്ടയക്കപ്പെടുന്ന ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫലസ്തീനികളുടെ പട്ടിക തയാറാക്കിയതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നും ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ ശക്തമായ ബോംബാക്രമണങ്ങള്‍ നടത്തി. അടുത്ത ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുക. കരാറിന്റെ ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കും. ഈ ഘട്ടത്തില്‍ ഇസ്രായില്‍ സൈന്യത്തെ ഗാസയില്‍ നിന്ന് ക്രമേണ പിന്‍വലിക്കും. അമ്പത് വയസിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 33 ഇസ്രായിലി ബന്ദികളെ ആദ്യ ഘട്ടത്തില്‍ ഹമാസ് വിട്ടയക്കും. അമേരിക്കക്കാരായ കീത്ത് സീഗലും സജോയ് ഡെക്കല്‍ ചെന്‍ നും വിട്ടയക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടാകും.
കരാറിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തിന്റെ പതിനാറാം ദിവസം ആരംഭിക്കും. ആയിരത്തിലധികം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി, ശേഷിക്കുന്ന എല്ലാ ഇസ്രായിലി ബന്ദികളെയും വിട്ടയക്കല്‍, ശാശ്വതമായ വെടിനിര്‍ത്തല്‍, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കല്‍ എന്നിവ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന എല്ലാ ഇസ്രായിലി ബന്ദികളുടെയും മൃതദേഹങ്ങള്‍ ഹമാസ് ഇസ്രായിലിന് കൈമാറുകയും ഈജിപ്ത്, ഖത്തര്‍, ഐക്യരാഷ്ട്രസഭ എന്നിവയുടെ മേല്‍നോട്ടത്തില്‍ ഗാസയുടെ പുനര്‍നിര്‍മാണം ആരംഭിക്കുകയും ചെയ്യും.