ജിദ്ദ – കിന്റര്‍ഗാര്‍ട്ടന്‍ തലത്തിലും എലിമെന്ററി ഒന്നാം ക്ലാസിലും പുതുതായി ചേര്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ മെഡിക്കല്‍ ഫിറ്റ്‌നെസ് പരിശോധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ഒരുപോലെ നടപ്പാക്കന്ന പദ്ധതിയിലൂടെ വിദ്യാര്‍ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും വിദ്യാഭ്യാസത്തിന് സുരക്ഷിതമായ തുടക്കം ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
വിദ്യാര്‍ഥികളുടെ ആരോഗ്യം ഉറപ്പാക്കാനും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് നേരത്തെ കണ്ടെത്താനും വേണ്ടിയാണ് മെഡിക്കൽ പരിശോധന നിർബന്ധമാക്കുന്നത്. സ്‌കൂളുകളില്‍ ചേര്‍ക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നെസ് പരിശോധന നിർബന്ധമാക്കും. പൊതുവിദ്യാഭ്യാസമാണോ അതല്ല, സ്‌പെഷ്യല്‍ വിദ്യാഭ്യാസമാണോ ഓരോ വിദ്യാര്‍ഥിക്കും ഏറ്റവും അനുയോജ്യമായത് എന്ന കാര്യം നിര്‍ണയിക്കാന്‍ ഫിറ്റ്‌നെസ് പരിശോധന സഹായിക്കും.
സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതില്‍ മെഡിക്കല്‍ ഫിറ്റ്‌നെസ് പരിശോധനക്ക് സുപ്രധാന പങ്കുണ്ട്. മക്കള്‍ക്ക് പരിശോധന നടത്താന്‍ രക്ഷകര്‍ത്താക്കള്‍ സ്‌കൂളുകളുമായും ഹെല്‍ത്ത് സെന്ററുകളുമായും സഹകരിക്കണം. കുടുംബങ്ങള്‍ക്കിടയില്‍ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കാനും, സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും കൈവരിക്കുന്നതിന് വ്യത്യസ്ത മേഖലകള്‍ തമ്മിലുള്ള സംയുക്ത ശ്രമങ്ങളെ പിന്തുണക്കാനുമാണ് ഈ സംരംഭത്തിലൂടെ വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നത്.