കുവൈത്ത് സിറ്റി: ലെബനോനിലെ ഹിസ്ബുല്ലയ്ക്കു വേണ്ടി സംഭാവന പിരിവ് നടത്തിയ 13 പൗരന്മാരെ കുവൈത്ത് പരമോന്നത കോടതി മൂന്ന് വര്‍ഷം തടവിനു ശിക്ഷിച്ചു. ഇവര്‍ക്കുമേല്‍ 2.7 കോടി കുവൈത്തി ദിനാര്‍ പിഴയും ചുമത്തി. അനുമതി ഇല്ലാതെ പൊതുകാര്യങ്ങള്‍ക്ക് പണം പിരിക്കുന്നത് കുറ്റകൃത്യമായി കാണുന്ന നിയമത്തിന്റെ അഭാവത്തില്‍ പ്രതികളെ നേരത്തെ ക്രിമിനല്‍ കോടതി കുറ്റമുക്തരാക്കിയിരുന്നു. ഈ വിധി റദ്ദാക്കിയ ഉന്നത കോടതിയായ കോര്‍ട്ട് ഓഫ് കസേഷന്‍ ഇവരെ ശിക്ഷിക്കുകയായിരുന്നു.
2021 നവംബറിലാണ് കുറ്റാരോപിതരെ പിടികൂടിയത്. ലെബനോനിലെ സംഘടനകള്‍ക്കു വേണ്ടി പണം കൈമാറിയ ഇടപാടുകളുമായി ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളുടെ വിശദമായ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വര്‍ഷങ്ങളായി വിദേശ സംഘടനകള്‍ക്ക് പണം കൈമാറുന്നു എന്ന കുറ്റവും ഇവര്‍ക്കുമേല്‍ ചുമത്തി.
അതേസമയം തങ്ങള്‍ 30 വര്‍ഷമായി ഒരു ചാരിറ്റി സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ലെബനോനിലെ അനാഥരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പണം അയച്ചിരുന്നതെന്നും കുറ്റാരോപിതര്‍ കോടതിയില്‍ പറഞ്ഞു. 2024 മാര്‍ച്ചില്‍ കോര്‍ട്ട് ഓഫ് കസേഷന്‍ ഹിസ്ബുല്ല ഒരു നിരോധിത തീവ്രവാദ സംഘടനയാണെന്ന് വിധിച്ചതോടെ കീഴ്‌കോടതിയുടെ വിധി അസാധുവായി. ഇറാന്റെ നയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കുവൈത്തിലെ സംവിധാനങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്ന സായുധ സംഘടനയാണ് ഹിസ്ബുല്ല എന്നും കോര്‍ട്ട് ഓഫ് കസേഷന്‍ വ്യക്തമാക്കിയിരുന്നു. ഈ വ്യാഖ്യാനത്തോടെ ഹിസ്ബുല്ല കുവൈത്തില്‍ നിരോധിത തീവ്രവാദ സംഘടനയാണെന്നും സ്ഥിരീകരിക്കപ്പെട്ടു.